കാട്ടുതീ: ദുരന്തനിവാരണ അതോറിറ്റി ഇടപെടും

വയനാട് ജില്ലയില്‍ കാട്ടുതീ വ്യാപിക്കുന്നതു തടയാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഇടപെടും. എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. വിവിധ വനം ഡിവിഷനുകളിലുണ്ടായ കാട്ടുതീ മനുഷ്യസൃഷ്ടിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റേഞ്ചിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. കാട്ടുതീ മൂലമുണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവല്‍ക്കരണം വേണം. ഇക്കാര്യത്തിലാവും ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടലുണ്ടാവുക. സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എ ഷജ്‌നയാണ് വിഷയം യോഗത്തിലുന്നയിച്ചത്. മനുഷ്യസൃഷ്ടിയായ കാട്ടുതീ തടയാന്‍ പ്രയാസമാണ്. ഇക്കാര്യത്തില്‍ ജനങ്ങള്‍ വനംവകുപ്പിനോട് സഹകരിക്കണമെന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
ആദിവാസി വിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ പുതുക്കി സമര്‍പ്പിച്ചതായി ഡിഎംഒ ഡോ. ആര്‍ രേണുക യോഗത്തെ അറിയിച്ചു. 59 ഊരുവിദ്യാകേന്ദ്രങ്ങളിലെയും കുട്ടികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്ന പദ്ധതി ജില്ലാതല വര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരത്തോടെ നടപ്പാക്കുമെന്നു ഐടിഡിപി ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ് അറിയിച്ചു. കോട്ടത്തറ കരിങ്കുറ്റി പ്രീമെട്രിക് ഹോസ്റ്റല്‍ മെയ് മാസം പ്രവര്‍ത്തനമാരംഭിക്കും. ഇതിന്റെ മുന്നോടിയായി കെട്ടിടത്തില്‍ വാട്ടര്‍ കണക്ഷന്‍ ഉറപ്പുവരുത്തി. പ്രീമെട്രിക് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. 10 സ്‌കൂളുകളിലായി 18 പഴയ കെട്ടിടങ്ങളാണ് പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി വികസനസമിതി അവലോകനം ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് യോഗം ആദരാഞ്ജലിയര്‍പ്പിച്ചു. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍