വയനാട് ജില്ലയ്ക്ക് ഹില്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി; ആസൂത്രണ ബോര്‍ഡില്‍ ഉന്നയിച്ച് ജില്ലാ ഭരണകൂടം

വയനാട് ജില്ലയുടെ പ്രത്യേക ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ പരിഗണിച്ച് വയനാടിന് ഹില്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി രൂപീകരിക്കാന്‍ ആസൂത്രണ സമിതിയ്ക്ക് ശുപാര്‍ശ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഉപാദ്ധ്യക്ഷന്‍ വി.കെ. രാമചന്ദ്രനോട് അഭ്യര്‍ത്ഥിച്ചു. പദ്ധതി ആസൂത്രണത്തില്‍ ജില്ലയുടെ അഭിപ്രായം സ്വരൂപിക്കാനെത്തിയ ഉപാദ്ധ്യക്ഷന്‍ വിളിച്ച ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം ഉന്നയിച്ചത്.കൃഷിയുടേയും വിനോദസഞ്ചാര വികസനത്തിന്റേയും പുനരുജ്ജീവനത്തിന് അടിയന്തിരമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് സാധാരണ ജനവിഭാഗത്തിന്റെ ഉപജീവനത്തിന് വഴിയൊരുക്കണമെന്ന് ഉപാദ്ധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു.
ഭൂവിനിയോഗ രൂപരേഖ തയ്യാറാക്കണം, പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ സംസ്‌കാരം വളര്‍ത്തുന്നതിന് ബോധവല്‍ക്കരണം നടത്തണം, പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണവും പരിശീലനവും നല്‍കണമെന്നും അതിന് പഠനം നടത്തി ശുപാര്‍ശ സമര്‍പ്പിക്കാനും വി.കെ.രാമചന്ദ്രന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. വയനാടിന്റെ സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക പാക്കേജ് രൂപീകരിച്ച് വിപണന സാധ്യത വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എ.ഡി.എം കെ. അജീഷ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എം. സുരേഷ് ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍