ബോയ്‌സ് ടൗണ്‍ പ്രിയദര്‍ശിനി കോളനി ഇടിഞ്ഞു താഴ്ന്നു; ഒരു വീട് പൂര്‍ണ്ണമായും 11 വീട് ഭാഗികമായും തകര്‍ന്നു;മാനന്തവാടി തലശ്ശേരി റോഡ് തകര്‍ച്ചാ ഭീഷണിയില്‍

തലപ്പുഴ: തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാല്‍ ബോയ്‌സ് ടൗണ്‍ പ്രിയദര്‍ശിനി കോളനി ഇടിഞ്ഞു താഴ്ന്നു.അര കിലോമീറ്റര്‍ നീളത്തിലും രണ്ട് മീറ്റര്‍ താഴ്ചയിലുമാണ് ഈ പ്രദേശം മുഴുവന്‍ ഇടിഞ്ഞ് താഴ്ന്നത്. രണ്ടാഴ്ച മുമ്പ് ഇവിടെ ഭൂമീ പലയിടങ്ങളിലായി പൊട്ടി കീറുകയും അതോടൊപ്പം വീടുകള്‍ക്ക് വിള്ളലും രൂപപ്പെട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് ഈ പ്രദേശം വലിയ തോതില്‍ ഇടിഞ്ഞ് താഴ്ന്നത്.ഒരു വീട് പൂര്‍ണ്ണമായും11വീടുകള്‍ ഭാഗികമായും തകര്‍ന്നു.പ്രദേശത്തെ 20 വീടുകള്‍ക്ക് ഈ മണ്ണിടിച്ചില്‍ ഭീഷണിയായി.വീടുകള്‍ക്ക് മുമ്പ് വിള്ളല്‍ ഉണ്ടായതോടെ അധികൃതരുടെ നിര്‍ദേശപ്രകാരം ഈ പ്രദേശത്തെ 32 കുടുംബങ്ങളും ക്യാമ്പിലേക്ക് താമസം മാറിയിരുന്നു. ബോയ്‌സ് ടൗണിലെ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെപരിശീലന കേന്ദ്രത്തിലാണ് ഈ പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളും നിലവില്‍ താമസിച്ചു വരുന്നത്.ഈ പ്രദേശം ഇടിഞ്ഞു താഴ്ന്നത് മൂലം മാനന്തവാടി തലശ്ശേരി റോഡിന് വന്‍ ഭീഷണിയായി.ഈ റോഡില്‍ 300 മീറ്ററോളം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.
ഇതോടൊപ്പം ഈ റോഡിന്റെ ഒരു ഭാഗം പിളര്‍ന്ന് താഴുകയും ചെയ്തു.ഇതിന് താഴെയാണ് ചെങ്കുത്തായ പ്രിയദര്‍ശിനി കോളനി.ഇപ്പോഴും 18 ഏക്കര്‍ വിസ്തൃതിയുള്ള ഈ പ്രദേശം ഇടിഞ്ഞു താഴ്ന്നു കൊണ്ടിരിക്കുകയാണ്.ചാരുവിള പുത്തന്‍വീട് കെ.ബാബുവിന്റെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്.മോഹനന്‍ പുത്തന്‍പുരയ്ക്കല്‍,പാത്തു അത്തിക്കപ്പറമ്പില്‍ ,ആന്റണി കോട്ടയ്ക്കല്‍,സോമന്‍,റോയി,ഫിലിപ്പ്,ക്ലീറ്റസ് മുക്കത്ത്, ചെല്ലപ്പന്‍ തോട്ടവിള,വാസുദേവന്‍ ചെരിവുള്ള പുത്തന്‍വീട്,രാഘവന്‍ തോട്ടവിള,ജോണ്‍ വെട്ടത്ത് എന്നിവരുടെ വീടുകളാണ് ഭാഗികമായി പൊട്ടി തകര്‍ന്നത്.ഇതില്‍ പലതും ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ്.ഒരു കിണര്‍ പൂര്‍ണ്ണമായും മണ്ണിനുള്ളിലേക്ക് താഴ്ന്നു പോയി.മറ്റൊരു കേണി ചെരിഞ്ഞ നിലയിലാണ്.പ്രദേശത്ത് വിവിധയിടങ്ങളില്‍ വന്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.ഇതിലൊക്കെ ഉറവയുമുണ്ട്.പലരുടെയും കൃഷിയും മണ്ണിനുളളിലായിട്ടുണ്ട്.വൈദ്യുത തുണുകളും തകര്‍ന്നടിഞ്ഞിട്ടുണ്ട്.അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ പ്രദേശത്ത് വീട് വെച്ച് താമസിക്കാന്‍ ഇനി സാധ്യമല്ല.ഇനി എവിടെ പോയി ജീവിക്കുമെന്നറിയാതെ നട്ടം തിരിയുകയാണ് ഇവിടെയുള്ള കുടുംബങ്ങള്‍.മിക്കവരും വീട്ടുപകരണങ്ങളും മറ്റുമെടുത്ത് മറ്റ് സ്ഥലങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.ദുരിതാശ്വാസ ക്യാമ്പില്‍ സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ് ഇവര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍