ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് സ്ഥിരീകരണം ;വിക്രം ഗൗഡയും, സോമനും സംഘത്തിലുണ്ടായിരുന്നു; രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല

കല്‍പ്പറ്റ: മേപ്പാടി കള്ളാടി തൊള്ളായിരം പ്രദേശത്ത് ആയുധധാരികള്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയ സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.മുതിര്‍ന്ന മവോയിസ്റ്റ് നേതാവ് വിക്രംഗൗഡ, സോമന്‍ എന്നിവരും മറ്റു രണ്ടു പേരും സംഘത്തിലുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ മാവോയിസ്റ്റ് ഓപ്പറേഷന്റെ തലവന്‍ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ ഇന്ന് വനമേഖലയില്‍ പരിശോധന നടത്തി. കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിനാണ് അന്വേഷണച്ചുമതല.
കള്ളാടി തൊള്ളായിരം പ്രദേശത്ത് റിസോര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനിടെ സായുധരായ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നു. ഭക്ഷണവും മറ്റ് അവശ്യസാമഗ്രികളും അന്വേഷിച്ചാണ് ഇവര്‍ എത്തിയതെന്ന് പറയുന്നു. ബന്ദികളാക്കിയ മൂവരും പിന്നീട് രക്ഷപ്പെട്ട് തിരികെ നാട്ടിലെത്തുകയും ചെയ്തു. കറണ്ടില്ലാത്ത കനത്ത ഇരുട്ടിലാണ് മാവോയിസ്റ്റുകളുടെ കുടെ ചിലവഴിച്ചതെന്നും ഇരുട്ടിന്റെ മറവിലാണ് തങ്ങള്‍ രക്ഷപ്പെട്ടെതെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്. കൂടാതെ ശുദ്ധ ഹിന്ദി മാത്രമറിയുന്നവരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നതെന്നും , ബംഗ്ലാ ഭാഷ സംസാരിക്കുന്ന തൊഴിലാളികളോട് ആശയവിനിമയം നടത്താന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ലെന്നും പറയുന്നു. അതോടെയാണ് തൊഴിലാളികളിലൊരാളുടെ ഫോണില്‍ റിസോര്‍ട്ട് മാനേജരെ വിളിച്ച് മലയാളികളായ ആരെയെങ്കിലും പറഞ്ഞു വിടാന്‍ സംഘം ആവശ്യപ്പെട്ടത്.കൂടാതെ രക്ഷപ്പെട്ട് വരുന്നതിനിടെ രണ്ട് തവണ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും തൊഴിലാളികള്‍ മൊഴിയില്‍ പറയുന്നുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല .
ഇന്ന് കള്ളാടിയിലെ 900 ഏക്കറിലും പരിസരത്തെ വനത്തിലും 35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ശക്തമാക്കി. തമിഴ്‌നാട് പോലീസും അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നുണ്ട്തട്ടിക്കൊണ്ടുപോയ ബംഗാള്‍ സ്വദേശികളായ ആലാവൂദിന്‍, ഖത്തീം, മക്ബൂല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ ബന്ദിയാക്കിയത് മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. തണ്ടര്‍ബോള്‍ട്ടും പോലീസും ഇപ്പോഴും കള്ളാടിയിലെ 900 ഏക്കറിലും പരിസരത്തുള്ള വനത്തിലും പരിശോധന നടത്തുകയാണ്. മാവോയിസ്റ്റുകള്‍ ഇതുവഴി നിലമ്പൂരിലേക്കോ തമിഴ്‌നാട്ടിലേക്കോ കടന്നിരിക്കാനുള്ള സാധ്യത പോലീസ് മുന്നില്‍ കാണുന്നു. അതിര്‍ത്തിയില്‍ ജാഗ്രതവേണമെന്ന് തമിഴ്‌നാട് പോലീസിന് വിവരം നല്‍കിക്കഴിഞ്ഞു. കള്ളാടിയില്‍ നിന്നും ആനക്കാംപൊയിലിലൂടെ രക്ഷപെടാന്‍ സാധ്യതയുള്ളതിനാല്‍ അവിടെയും പരിശോധന നടത്തുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍