വൃത്തിയുടെ പുതിയ പാഠവുമായി കല്‍പ്പറ്റ നഗരസഭ
കല്‍പ്പറ്റ: സ്വച്ച് സര്‍വേക്ഷന്റേയും മാലിന്യ മുക്തം നവകേരളത്തിന്റേയും ഭാഗമായി നഗര സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മെഗാ ക്ലീനിംഗ് പ്രവര്‍ത്തനങ്ങളും നടത്തി സംസ്ഥാന തലത്തില്‍ തന്നെ മാതൃകയായ കല്‍പ്പറ്റ നഗരസഭ വൃത്തിയുടെ മറ്റൊരു പാഠം കൂടി നടപ്പിലാക്കി ശ്രദ്ധേയമാകുന്നു.
വലിച്ചെറിയല്‍ വിരുദ്ധ വാരത്തിന്റേയും മാലിന്യമുക്തം നവ കേരളത്തിന്റേയും ഭാഗമായി ജൈവ,അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നഗരത്തില്‍ തുടക്കമായത്.
ആദ്യഘട്ടത്തില്‍ നഗരത്തില്‍ 50 ബിന്നുകളാണ് സ്ഥാപിക്കുക. ആയത് സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിന് സാധ്യമാകുന്ന ഇടങ്ങളിലായിരിക്കും. എന്നാല്‍ ഇത്തരം ബിന്നുകളില്‍ നിക്ഷേപിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട മാലിന്യങ്ങളല്ലാതെ മറ്റു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.ബിന്നുകള്‍ സ്ഥാപിക്കുന്നതിന്റെ ഉല്‍ഘാടനം കല്‍പ്പറ്റ എംഎല്‍എ അഡ്വ.ടി.സിദ്ധീഖ് നിര്‍വ്വഹിച്ചു.
ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിനാകെ മാതൃകയാണ് കല്‍പ്പറ്റയെന്നും ചൂരല്‍മല ദുരന്ത സമയത്ത് മാലിന്യ സംസ്‌കരണത്തിലെ വെല്ലുവിളികളെ ഒരു പരിധിവരെ അതിജയിക്കാന്‍ സാധിച്ചത് ജില്ലയില്‍ കല്‍പ്പറ്റ നഗരസഭയ്ക്കുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിന്റെഭാഗമായി സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും കല്‍പ്പറ്റ നഗരസഭയ്ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.ജെ. ഐസക്ക് അധ്യക്ഷ്യം
വഹിച്ചു. നഗരത്തില്‍ എത്തുന്ന ആളുകള്‍ക്ക് അത്യാവശ്യം ജൈവ അജൈവ മാലിന്യം നിക്ഷേപിക്കുന്നതിന് സൗകര്യം ഒരുക്കുന്നത് ഗുണകരമായിരിക്കുമെന്നതിനാലും ആയതിലൂടെ നഗരം വൃത്തിയായി സൂക്ഷിക്കാന്‍ സാധിക്കുമെന്നതിനാലുമാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി നഗരസഭ മാതൃകയാവുന്നതെന്നും മാലിന്യമുക്ത കല്‍പ്പറ്റക്കായി നാടൊരുമിക്കണമെന്നും നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
മറ്റ് നഗരങ്ങളില്‍ കൂടി ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കല്‍പ്പറ്റയുടെ പ്രവര്‍ത്തനം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കേയം തൊടി മുജീബ്, അഡ്വ. എ.പി.മുസ്തഫ ,ആയിഷ പള്ളിയാല്‍ , രാജാറാണി, കാന്‍സിലര്‍മാരായ റൈഹാനത്ത് വടക്കേതില്‍, അജിത കെ, അബ്ദുള്ള. പി, ജോയിന്റ് ഡയരക്ടര്‍ ശ്രീ. വിമല്‍ രാജ്, നഗരസഭാ സെക്രട്ടറി അലി അഷ്‌കര്‍, ക്ലീന്‍സിറ്റി മാനേജര്‍ കെ.സത്യന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്, ഇ.ഹൈദ്രു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
തുടര്‍ന്ന് എം.എല്‍.എ. നഗരസഭാ ചെയര്‍മാന്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍ വ്യാപാരികള്‍, പൊതുജനങ്ങള്‍ എന്നിവരുടെനേതൃത്വത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ബിന്നുകള്‍ സ്ഥാപിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍