മുനമ്പം മോഡല്‍ സമരമുഖം വയനാട്ടില്‍ തുറക്കും; സമരത്തിന് ബിജെപി നേതൃത്വം നല്‍കും: എം.ടി രമേശ്
മാനന്തവാടി: മുനമ്പം മോഡല്‍ സമരമുഖം വയനാട്ടില്‍ തുറക്കുമെന്നും, അതിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. തലപ്പുഴയില്‍ വഖഫ് നോട്ടിസ് ലഭിച്ച നാട്ടുകാരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനൊപ്പം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫിന്റെ നിയമവിരുദ്ധ അവകാശവാദങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വഖഫ് ബോര്‍ഡിന് ഒപ്പം നിന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയില്‍, നികുതിയടച്ച് നിയമപരമായി ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്, അവര്‍ എങ്ങോട്ട് പോകണമെന്ന് മുഖ്യമന്ത്രി മറുപടി പറയണം. എം ടി രമേശ് വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കാത്ത ഒരു പഞ്ചായത്ത് പോലും വയനാട്ടില്‍ ഇല്ല. മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്ത കൂട്ട പലായനത്തിന് വയനാട് ജില്ല സാക്ഷ്യം വഹിയ്ക്കേണ്ടിവരും. വഖഫിന്റെ അവകാശവാദം അംഗീകരിച്ചാല്‍ ഒരു സ്വകാര്യഭൂമി പോലും വയനാട് ജില്ലയില്‍ ഉണ്ടാവില്ല. വയനാട് ജില്ലയിലെയും, തിരുവമ്പാടിയിലെയും ലക്ഷക്കണക്കിന് ആളുകളാണ് വഖഫ് ഭീഷണി നേരിടുന്നത്. ഇവരെ കുടിയൊഴിപ്പിച്ചാല്‍ ഇവര്‍ എങ്ങോട്ട് പോകുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മറുപടി പറയണം. എം ടി രമേശ് ആവശ്യപ്പെട്ടു.
കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും, തെരഞ്ഞെടുപ്പിനുശേഷം മുനമ്പം മോഡല്‍ സമരമുഖം വയനാട്ടില്‍ തുറക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.
ബിജെപി വയനാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് മലവയല്‍,മണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം, ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹന്‍ദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് കട്ടകളം, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.ശരത് തുടങ്ങിയവരും എം ടി രമേശിനൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍