അന്തര്‍സംസ്ഥാന മോഷ്ടാക്കളായ എട്ടംഗസംഘത്തെ അറസ്റ്റ് ചെയ്തു; പിടിയാലയവരില്‍ കര്‍ണ്ണാടകയിലെ റോഡുകളില്‍ മലയാളികളെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘത്തില്‍പ്പെട്ടവരും

അന്തര്‍സംസ്ഥാന മോഷ്ടാക്കളായ ഏഴംഗസംഘം കല്‍പ്പറ്റ പൊലിസിന്റെ പിടിയില്‍. കല്‍പ്പറ്റ മുട്ടില്‍ കൈത്തുക്കി ഹനീഫ(49), വെള്ളാരംകുന്ന് പെരുന്തട്ട വിഷ്ണുനിലയം വിഷ്ണു (22), വെള്ളാരംകുന്ന് മാണിക്കോത്ത് പറമ്പ് റഹീസ്(38), കല്‍പ്പറ്റ വെള്ളാരംകുന്ന് പൂളക്കുന്ന് മണ്ഠകപ്പുറം നിയാസ് (23), ബത്തേരി കോളിയാടി കേളോത്ത് അനുജ്(25), മേപ്പാടി ചൂരല്‍മല മൂലവളപ്പില്‍ അനൂപ്(27), ഗൂഡല്ലൂര്‍ എസ്.എസ് നഗര്‍ തുണ്ടത്തില്‍ വീട് ശരത് (24), വടുവഞ്ചാല്‍ ഒഴുക്കാനക്കുഴി അഖില്‍ ജോയി (24) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ സക്വാഡും, കല്‍പ്പറ്റ പോലീസും സംയുക്തമായാണ് പ്രതികളെ പിടിച്ചത്.
കല്‍പ്പറ്റ ടൗണില്‍ ലോട്ടറി വില്‍പ്പനക്കാരെ തട്ടിക്കൊണ്ടുപോയി മൂന്നരപവന്‍ കവര്‍ന്നതും കര്‍ണാടകത്തിലെ നഞ്ചന്‍കോട് വെച്ച് വ്യാപാരിയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്നതും, കോഴിക്കോട് മുക്കം സ്വദേശിയില്‍ നിന്നും 90000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതടക്കമുള്ള കേസിലെ പ്രതികളെയാണ് കല്‍പ്പറ്റ പൊലിസ് പിടികൂടിയത്. കര്‍ണാടകത്തിലും കേരളത്തിലുമായി വിവിധ കവര്‍ച്ചകേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലിസ് പറഞ്ഞു. കച്ചവടത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി വന്‍തുക കൈവശം വെച്ച് യാത്രചെയ്യുന്നവരെ ലക്ഷ്യംവെക്കുകയും യാത്രാമധ്യേ ഇരകളെ ആക്രമിച്ച് പണംതട്ടുകയാണ് സംഘത്തിന്റെ രീതിയെന്നും പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച കല്‍പ്പറ്റ ജൈത്രടാക്കിസ് സമീപത്ത് വെച്ച് മുട്ടില്‍ കൊളവയല്‍ സ്വദേശിയായ ചന്ദ്രശേഖരനെ ഒരു സംഘം ആള്‍ട്ടോ കാറിലെത്തി തട്ടിക്കൊണ്ടുപോകുകയും മാലയും പണവും കവരുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബൈപ്പാസ് റോഡില്‍ എത്തിയ ശേഷം ഇയാളെ കാറില്‍ നിന്നും തള്ളിയിടുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് സംഘാംഗങ്ങളെക്കൂടി പൊലിസ് പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് നഞ്ചന്‍കോട് വെച്ച് മീനങ്ങാടിക്കാരനായ വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ച ചെയ്തതും ഈ സംഘമാണെന്ന് കണ്ടെത്തിയത്.
നഞ്ചന്‍കോട് സംഭവത്തില്‍ സിപിഎ വെജിറ്റബിള്‍സ് ഉടമ മുഹമ്മദ് ഹാജിക്കും ലോറി ്രൈഡവര്‍ കാക്കവയല്‍ സ്വദേശി സലാമിനുമാണ് പരിക്കേറ്റത്. സ്വന്തം ലോറിയില്‍ ്രൈഡവറുമൊത്ത് മൈസൂരിലേക്ക് പച്ചക്കറിയെടുക്കാന്‍ പോവുന്നതിനിടെ നഞ്ചന്‍കോട് ടൗണില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയയായിരുന്നു അക്രമണം. ജീപ്പില്‍ നിന്നിറങ്ങിയ സംഘം കത്തി, കമ്പി വടി തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നഞ്ചന്‍കോട് പൊലിസ് കേസെടുത്തിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.കല്‍പ്പറ്റ എ.എസ്.പി ചൈത്രാ തെരേസാ ജോണ്‍ ഐ.പി.എസ്,കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി ജോക്കബ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും കല്‍പ്പറ്റ എസ്.ഐ ജയപ്രകാശ്,സി.പി.ഒ മാരായ ഷാജിത്,ഹബീബ്,ബിബിന്‍ എന്നിവരുമാണ് മോഷ്ടാക്കളെ പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍