ക്ഷാമബത്ത കുടിശിക വഞ്ചനയില്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച് എ.എച്ച്.എസ്.ടി.എ
കോഴിക്കോട്: അധ്യാപകര്‍ക്ക് കുടിശികയുണ്ടായിരുന്ന 7 ഗഡു ക്ഷാമബത്തയില്‍ ഒരു ഗഡു മാത്രം അനുവദിച്ച്, കുടിശിക നല്‍കാതെ അദ്ധ്യാപകരെയും ജീവനക്കാരെയും സര്‍ക്കാര്‍ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് എഎച്ച് എസ്ടിഎ സംസ്ഥാന കമ്മറ്റി കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്പില് ഡി.എ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. ഏഴു ഗഡു ഡി.എ യില്‍ അനുവദിച്ച ഒരു ഗഡുവില്‍ തന്നെ 39 മാസത്തെ കുടിശിക നല്‍കാതെ ജീവനക്കാരെയും അദ്ധ്യാപകരെയും കബളിപ്പിക്കുന്ന സര്‍ക്കാര്‍ 2019 ല്‍ നടപ്പിലാക്കിയ ശമ്പള പരിഷ്കരണ കുടിശികയും നല്‍കിയിട്ടില്ല. മന്ത്രിമാരുടെ സ്റ്റാഫിനും ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കും കുടിശ്ശികയില്ലാതെ ഡി.എ നല്കുമ്പോള് സര്‍ക്കാരിന് വേണ്ടി പണിയെടുക്കുന്ന മറ്റു വിഭാഗങ്ങളെ കാണാതെ പോകുന്നത് ജനാധിപത്യവിരുദ്ധവും നീതികേടുമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ് പറഞ്ഞു.
ഡിഎ നിഷേധത്തിനെതിരെ എ.എച്ച് എസ് ടി എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധാഗ്നിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് ആര്. അരുണ്‍ കുമാര്‍, സെക്രട്ടറി എസ് മനോജ്, ട്രഷര്‍ കെ എ വര്‍ഗ്ഗീസ് , ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ്, വൈസ് പ്രസിഡന്റ് മനോജ് ജോസ് , നീല്‍ ടോം, രാജേഷ് ജോസ് എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍