വന്യജീവി ആക്രമണം:ജില്ലാതല അവലോകന കമ്മിറ്റി യോഗം ചേര്‍ന്നു
കല്‍പ്പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ രൂപീകരിച്ച ജില്ലാ തല അവലോകന കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാതല കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്ന പദ്ധതികളിലെ കാലതാമസം, തിരുത്തല്‍ നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
വന്യജീവി സാന്നിധ്യം കൂടുതലുള്ള തദ്ദേശ സ്ഥാപന പരിധികളിലെ പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതി മുഖേന ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വനത്തിനകത്ത് കുളങ്ങള്‍ നിര്‍മിക്കാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. സെന്ന ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം, കാടും നാടും വേര്‍തിരിക്കുന്നതിന് ഫെന്‍സിങ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. വനത്തോട് ചേര്‍ന്നുള്ള റോഡ് അരികുകളിലെയും സ്വകാര്യ തോട്ടങ്ങളിലെയും കാട് വെട്ടല്‍ ഫലപ്രദമായി നടപ്പാക്കണം. ബീനാച്ചി എസ്റ്റേറ്റിന് ചുറ്റും വേലി കെട്ടി ജനസുരക്ഷ ഉറപ്പാക്കണം. വന്യമൃഗ ആക്രമണത്തിനുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച് കേന്ദ്രത്തില്‍ ഔദ്യോഗിക ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ വനം വകുപ്പിനോട് യോഗം നിര്‍ദ്ദേശിച്ചു. ജില്ലാതല അവലോകന കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കല്‍ ചേരാനും അടിയന്തരഘട്ടങ്ങളില്‍ യോഗം ചേരാനും തീരുമാനമായി. വന്യജീവി ആക്രമണം തടയുന്നതിന് നോഡല്‍ ഓഫീസരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ജില്ലാ തല അവലോകന കമ്മിറ്റിക്ക് മുന്‍പാകെ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് ജില്ലയില്‍ ജില്ലാ തല അവലോകന കമ്മിറ്റി രൂപീകരിച്ചത്.
കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ ഒ.ആര്‍ കേളു, ടി.സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, എ.ഡി.എം കെ. ദേവകി, സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ഫോറസ്റ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ വിജയാനന്ദന്‍, നോഡല്‍ ഓഫീസര്‍ ദീപ കെ എസ്, ഡി.എഫ്.ഒ മാരായ ഷജ്‌ന കരീം, മാര്‍ട്ടിന്‍ ലോവല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍