പഠനവീടിന് തുടക്കമായി
മാനന്തവാടി:എടവക ഗ്രാമപഞ്ചായത്ത്, ചേമ്പിലോട് ഗവ.എല്‍.പി സ്ക്കൂള് എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ സര്‍വ്വകലാശാല മാനന്തവാടി അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തില്‍ (ബി.എഡ് സെന്റര്‍) പഠനവീടിന് തുടക്കമായി. ചെറുവയല്‍, കാരക്കുനി, കുന്ദമംഗലം കോളനികളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിവിധ വിദ്യാലയങ്ങളിലെ നാല്പത്തിയഞ്ചോളം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളാണ് പഠനവീടിലുള്ളത്. ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയില്‍ അടിസ്ഥാന പരിശീലനം നല്‍കുക, ഗൃഹപാഠങ്ങളില് സഹായം ചെയ്യുക, വിദ്യാലയത്തോടും പഠനത്തോടും താത്പര്യം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ക്കൊപ്പം പഠിതാവിന്റെ സര്വ്വതോന്മുഖമായ വികസനമാണ് പഠനവീട് ലക്ഷ്യമിടുന്നത്.ഒന്നിടവിട്ട ആഴ്ചകളില്‍ ഒറിഗാമി, നാടന്‍പാട്ട്, നാടകം, കുരുത്തോലക്കളരി, പരിസ്ഥിതി സംരക്ഷണം, വ്യക്തിത്വ വികസനം, പ്രസംഗം, സാഹിത്യം, കല, കായികം, പഠനയാത്ര, സിനിമ എന്നിങ്ങനെ വ്യത്യസ്തമായ അനുഭവങ്ങളാണ് പഠനവീടിലെ അംഗങ്ങള്‍ക്കായി ബി. എഡ് സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ബി. എഡ് വിദ്യാര്‍ത്ഥികളുടെയും പൂര്വ്വവിദ്യാത്ഥികളുടെയും സഹകരണം ഉറപ്പുവരുത്തും. പഠനവീടിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് അംഗം പി ആര് വെള്ളന് നിര്‍വ്വഹിച്ചു. ബി. എഡ്. കോഴ്സ് ഡയരക്ടര്‍ എ. സജിത്ത് അധ്യക്ഷനായിരുന്നു. ജാഫര്‍ ബാരിക്കല്‍, ബാബു എന്‍ ഇ, ദീപ്തിമോള്‍ എം, സന്ധ്യ കെ എന്നിവര്‍ സംസാരിച്ചു. ഒ സി ത്രേസ്യ സ്വാഗതവും ഗണേഷ് കുമാര്‍ സി എച്ച് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍