പ്രത്യേക പഠന പരിപോഷണ പരിപാടി പുരോഗമിക്കുന്നു
പനമരം:പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആദിവാസി, തോട്ടം, തീരദേശ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടി വയനാട് ജില്ലയില്‍ ഏറ്റവും അധികം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്നു.നിരവധി കാരണങ്ങളാല്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്നും പിന്നാക്കം നില്ക്കുന്ന ഈ വിദ്യാര്‍ത്ഥികളെ ആരോഗ്യ, കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ പഠന മികവിലേക്ക് ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.അവധി ദിനങ്ങളും പ്രവൃത്തി ദിനങ്ങളിലെ അധിക സമയവും കണ്ടെത്തിയാണ് പരിപോഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.ആരോഗ്യ, കായിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രഗത്ഭരുടെ ക്ലാസ്സുകള്‍, പ്രശസ്ത വ്യക്തിത്വങ്ങളുമായുള്ള ഇടപെടല്‍, നാടക നാടന്‍പാട്ട് കളരികള്‍, ബോധവത്ക്കരണ ക്ലാസ്സുകള്‍, വേറിട്ട അക്കാദമിക പ്രവര്‍ത്തനങ്ങള്‍, ഗോത്രവിഭാഗം കുട്ടികള്‍ക്കായുള്ള ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകളുടെ രൂപീകരണം, പഠന യാത്രകള്‍ ,ലൈബ്രറി ലാബ് പ്രവര്‍ത്തനങ്ങള്‍, ഗോത്ര വിഭാഗത്തില്‍പ്പെട്ട പ്രശസ്തരുടെ അനുഭവം പങ്കുവെക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തി ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ പ്രകടമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നതും ഹാജര്‍ നില ഉയര്‍ന്നു എന്നതും ശ്രദ്ധേയമാണ്. ഗോത്ര സംസ്കാരവും തനിമയും ചോര്‍ന്നു പോകാതെയുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിലൂടെ കുട്ടികള്‍ക്ക് വിദ്യാലയ അന്തരീക്ഷം ആകര്‍ഷമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നതില്‍ അദ്ധ്വാപകര് സന്തുഷ്ടരാണ്. ഹെഡ്മാസ്റ്റര് വി.മോഹനന്റെ നേത്യത്വത്തില്‍ വിവിധ സംഘങ്ങളായി അധ്യാപകര്‍ നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മസമര്‍പ്പണം ചെയതിരിക്കുകയാണിവിടെ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍