ജ്യോതിശാസ്ത്ര ക്യാമ്പ് സമാപിച്ചു
മീനങ്ങാടി:ശാസ്ത്രാവബോധ പ്രചാരണ സമതിയുടെ നേതൃത്വത്തില്‍ വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കുന്നതിന്റെ മുന്നോടിയായി നടത്തിയ ദ്വിദിന ജ്യോതിശാസ്ത്ര ക്യാമ്പ് മീനങ്ങാടി ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററില്‍ സമാപിച്ചു.വാനനിരീക്ഷണം എന്തിന് എങ്ങനെ ? നവംബറിലെ ആകാശം, ജ്യോതിശാസ്ത്ര ചരിത്രം, വലയ സൂര്യഗ്രഹണം വയനാട്ടില്‍, നമ്മള് തനിച്ചോ?, എന്തിനാലുണ്ടായി എല്ലാം എല്ലാം എന്നീ വിഷയങ്ങളില്‍ ജോണ്‍ മാത്യൂ,കെ.ടി ശ്രീവത്സന്‍,കെ.പി ഏലിയാസ്,എം.എം ടോമി,സാബു ജോസ്,ഡോ.ബിജു കെ ജി തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.പകല്‍ സമയ ജ്യോതിശാസ്ത്ര പ്രവര്‍ത്തനങ്ങള്‍,സൂര്യദര്ശിനി നിര്‍മ്മാണം,ഗ്രഹണ നിരീക്ഷണത്തിനുള്ള സൗര കണ്ണട നിര്‍മ്മാണം തുടങ്ങിയവയ്ക്ക് ശ്രീകാന്ത്, കെ.കെ.രാമകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. ക്യാമ്പില്‍ വാനനിരീക്ഷണത്തിന് നല്കിയ പ്രായോഗിക പരിശീലനം ക്യാംപ് അംഗങ്ങള്‍ക്ക് വാനനിരീക്ഷകരാകുവാന് പ്രചോദനമായി. വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വലയഗ്രഹണ നിരീക്ഷണത്തിന് നേതൃത്വം നല്കുവാന് സന്നദ്ധരായാണ് ക്യാമ്പ് അംഗങ്ങള്‍ വീടുകളിലേയ്ക്ക് മടങ്ങിയത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ആസ്ട്രോ വയനാട്, ജില്ല സയന്‍സ് ക്ളബ് അസോസിയേഷന്, ശാസ്ത്രരംഗം വയനാട്, കുടുംബശീ മിഷന് തുടങ്ങിയപ്രസ്ഥാനങ്ങള് ചേര്‍ന്നാണ് ശാസ്ത്രാവബോധ പ്രചാരണ സമതിയ്ക്ക് രൂപം നല്‍കിയത്.ക്യാമ്പ് ഡയറക്ടര്‍ കെ.പി. ഏലിയാസ് സമാപന സന്ദേശം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍