അഞ്ച് കിലോ കഞ്ചാവും, മയക്കുമരുന്നുമായി യുവാവ് പിടിയില്‍ ;പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമം; പ്രതിയെ വലയിലാക്കിയത് സാഹസികമായി
ബത്തേരി:ബത്തേരി എക്സൈസ് റെയിഞ്ച് സംഘം, വയനാട് ഇ.ഐ & ഐ.ബി സംഘം, മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റ് സംഘം തുടങ്ങിയവരുടെ സംയുക്ത ഓപ്പറേഷനില്‍ അഞ്ച് കിലോ കഞ്ചാവും, 390 മില്ലി ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. മലപ്പുറം പുത്തനങ്ങാടി അങ്ങാടിപ്പുറം ആലിക്കല്‍ വീട്ടില്‍ അജ്നാസ് (26) ആണ് അറസ്റ്റിലായത്. മുത്തങ്ങയില്‍ വാഹനപരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിക്കാനുള്ള ശ്രമം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബത്തേരി ചീരാലില്വെച്ച് പിടികൂടുകയായിരുന്നു. മാര്‍ഗമധ്യേ സമര്‍ത്ഥമായി പ്രതി കഞ്ചാവ് റോഡരികില്‍ തള്ളിയെങ്കിലും എക്സൈസ് സംഘം അതും കണ്ടെത്തുകയായിരുന്നു.
കെഎല്‍ 65 സി 6864 നമ്പര്‍ മാരുതി റിറ്റ്സ് കാറിലാണ്് കഞ്ചാവും മയക്കുമരുന്നും കടത്തിയത്.. മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു ചെക്ക് പോസ്റ്റില്‍ വെച്ച് വാഹനം പരിശോധന നടത്തി വരവേ സംശയാസ്പദമായി വന്ന അജ്നാസിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ബോണറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്‍സ്പെക്ടറെ തട്ടിമാറ്റി അപകടരമായ രീതിയില്‍ വാഹനം എടുത്ത് പ്രതി കടന്നു കളയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു പുറകെ വന്ന മറ്റൊരു കാറില്‍ കാര്‍ പിന്തുടര്ന്നെങ്കിലും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിവരം മറ്റു ഓഫീസുകളെ അറിയിക്കുകയും സു. ബത്തേരി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും 15 കിലോമാറ്റര്‍ അകലെ തമിഴ്നാട് ബോര്‍ഡറായ ചീരാലില്വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. പിന്നീട് പരിശോധിച്ചതില്‍ പ്രതിയുടെ മൊബൈല്‍ കവറില്‍ നിന്നും 390 ഗ്രാം എംഡിഎംഎ മയക്കുമരുന്നു കണ്ടെടുത്തു.
തുടര്‍ന്ന് പ്രതി വാഹനം ഓടിച്ചു പോയ വഴികളിലൂടെ പരിശോധനയും അന്വേഷണവും നടത്തിയ എക്സൈസ് ഇന്റലിജന്റ്സ് & ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ പുഴയിറമ്പില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വീഴ്ചയില്ചെറിയ പരിക്ക് പറ്റിയ മുത്തങ്ങ ചെക്പോസ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു ബത്തേരി ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. ഇതുമായി ബന്ധപ്പെട്ട് ബത്തേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ ,എക്സൈസ് ഇന്റലിജന്റസ് ഉദ്യോഗസ്ഥര്‍ ,മുത്തങ്ങ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനഫലമായാണ് കഞ്ചാവും പിടികൂടിയത് .എക്സൈസ് റെയിഞ്ച് ജസ്പെക്ടര് ജനാര്ദാനന് ,പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍കുമാര്‍ ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.ബി. ഹരിദാസ് ,അനീഷ് ,എ.എസ് ,രാജീവന് ,ശിവന് ഡ്രൈവര്‍ ചാക്കോ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍