മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടിപരുക്കേല്‍പ്പിച്ചു; അയല്‍വാസിക്കെതിരെ കേസെടുത്തു;പ്രതി പോലീസ് കസ്റ്റഡിയില്‍
കമ്പളക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ വണ്ടിയാമ്പറ്റ സ്വദേശിനിയായ ലീലാ കൃഷ്ണന് (67) നെയാണ് അയല്‍വാസിയായ എടത്തുംകുന്ന് വീട്ടില്‍ പ്രഭാകരന് (ചാത്തന് 44) വെട്ടിപരുക്കേല്‍പ്പിച്ചത്. ഇന്നു പുലര്‍ച്ചെ വീട്ടമ്മയുടെ മാല പിടിച്ചുപറിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് വെട്ടിയത്. കൈക്ക് പരുക്കേറ്റ വീട്ടമ്മ ചികിത്സ തേടി. വെട്ടിയതിനുശേഷം തള്ളിയിട്ടതിനെ തുടര്‍ന്ന് വീട്ടമ്മയുടെ മുഖത്തിന് പരുക്കേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കമ്പളക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഭര്‍ത്താവായ ഉണ്ണികൃഷ്ണവാര്യര്‍ മരിച്ചുപോയതിന് ശേഷം മാനസികവൈകല്ല്യമുള്ള മകനും ലീലയും വീട്ടില്‍ തനിച്ചാണ് താമസം. മകള്‍ വിവാഹം കഴിച്ച് ഭര്തൃവീട്ടിലാണുള്ളത്. ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോയപ്പോഴാണ് മുറിക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രഭാകരന് ലീലയുടെ മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്. ഇത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ലീലയെ സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് പ്രഭാകരന് വെട്ടുകയായിരുന്നു. ലീലയുടെ കൈക്കാണ് വെട്ടേറ്റത്. തുടര്‍ന്ന് ലീലയെ തള്ളിതാഴെയിട്ട ശേഷം പ്രഭാകരന് കടന്നുകളയുകയായിരുന്നു. താഴെ വീഴുന്നതിനിടെ മുഖമിടിച്ച് ലീലയുടെ ഒരു പല്ലും കൊഴിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അയല്‍വാസിയായ ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരെത്തി ലീലയെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സിപ്പിക്കുകയായിരുന്നു. മാനസിക വൈകല്ല്യമുള്ള മകന് വീട്ടില്‍ തനിച്ചായിരുന്നതിനാല്‍ ലീല പിന്നീട് വീട്ടിലേക്ക് തിരികെ വരികയും ചെയ്തു.
ലീലയുടെ പരാതി പ്രകാരം കമ്പളക്കാട് പോലീസ് പ്രതിയായ പ്രഭാകരനെ കസ്റ്റഡിയിലെടുക്കുകയും ലീല പ്രതിയെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മോഷണശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രദേശത്ത് തനിച്ച് താമസിച്ചുവരുന്ന ഇയ്യാള് മദ്യപിച്ച് പലതവണ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍