ആരോഗ്യഇന്‍ഷൂറന്‍സ് പുതുക്കല്‍: വാര്‍ഡ് മെമ്പര്‍ പോലും അറിയാതെ ക്യാമ്പിന്റെ തീയതി മാറ്റിയതായി പരാതി; നാട്ടുകാര്‍ വലഞ്ഞു
എടവക ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പഞ്ചായത്തിലെ 19 വാര്‍ഡുകളിലും ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കുന്ന ദിവസവും സ്ഥലവും നിശ്ചയിക്കുകയും ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അത് പ്രകാരം ഇന്ന് പതിനേഴാം വാര്‍ഡായ കല്ലോടിയില്‍ കാര്‍ഡ് പുതുക്കല്‍ നടത്തേണ്ടതായിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റോ കല്ലോടി പതിനേഴാം വാര്‍ഡ് മെമ്പറോ അറിയാതെ കല്ലോടി യുപി സ്കൂളില്‍ നടക്കേണ്ട പുതുക്കല്‍ മറ്റൊരു തീയതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കാര്‍ഡ് പുതുക്കാനെത്തിയ ആബാലവൃദ്ധ ജനങ്ങളും വലഞ്ഞു. തീയതി തിരുത്തിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂടമ്പാത്താണെന്നാരോപിച്ച് പ്രതിഷേധവുമായി വാര്‍ഡ് വികസന സമിതി രംഗത്ത് വന്നു.നൂറ് കണക്കിനാളുകള്‍ രാവിലെ 9 മണി മുതല്‍ കല്ലോടി യുപി സ്ക്കൂളില്‍ എത്തിയിരുന്നു. പല രോഗികളും പ്രായം ചെന്നയാളുകളും ക്യാമ്പ് നടക്കാത്തതില്‍ ഏറെ ബുദ്ധിമുട്ടി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ നജീബ് മണ്ണാര് കല്‍പ്പറ്റ ഓഫിസുമായി ബന്ധപ്പെട്ട് ഉച്ചയോടെ സ്റ്റാഫിനെ എത്തിക്കുകയായിരുന്നു. മറ്റൊരു വാര്‍ഡില്‍ ഇടപെട്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ച നജ്മുദ്ദീന് മൂടമ്പത്തിന്റെ നടപടിക്കെതിരെ 17ാം വാര്‍ഡ് വികസന സമിതി പ്രതിഷേധിച്ചു.മൊയ്തു ബീരാളി, പോക്കൂട്ടി കണ്ടിയില്‍,ജയ്സണ്‍ കളത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.
എന്നാല്‍ തീയതി മാറ്റിയതിന് പിന്നില്‍ യാതൊരു അജണ്ടയുമില്ലെന്നും, തീയതി കൊടുത്തപ്പോള്‍ സംഭവിച്ച പിഴവ് മാത്രമാണിതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന് അറിയിച്ചു. ഉച്ചയോടെയാണെങ്കിലും എല്ലാ സൗകര്യങ്ങളോടുംകൂടി കാര്‍ഡ് പുതുക്കല്‍ ക്യാമ്പ് ആരംഭിക്കാന്‍ കഴിഞ്ഞത് ഏറെ ആശ്വാസകരമായെന്നും പ്രസിഡന്റ് വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍