പിണറായി വിജയനെ അറസ്റ്റ് ചെയ്താല്‍ ആദ്യം സമരം ചെയ്യുക രാഹുല്‍ ഗാന്ധി: കെ.സുരേന്ദ്രന്
കല്‍പ്പറ്റ: അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസര്‍ക്കാര്‍ പിണറായി വിജയനെ എന്താണ് ജയിലില്‍ അടയ്ക്കാത്തതെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധവുമായി ഇറങ്ങുക രാഹുല്‍ ഗാന്ധിയായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കെജരിവാളിനെ എന്താണ് അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു പിസിസി അദ്ധ്യക്ഷന്‍ അജയ് മാക്കന് ചോദിച്ചിരുന്നത്. അതിന് വേണ്ടി ഔദ്യോഗികമായി അജയ് മാക്കന് കത്തും അയച്ചു. എന്നാല്‍ അറസ്റ്റ് ചെയ്തപ്പോള്‍ രാജ്യം മുഴുവന്‍ പ്രതിഷേധിച്ചതും കോണ്‍ഗ്രസായിരുന്നു. എന്തായാലും പിണറായി വിജയന് അഴിമതിക്കാരനാണെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചത് നന്നായെന്നും സുരേന്ദ്രന് പറഞ്ഞു.
അഴിമതിക്കാരനാണെന്ന് ബോധ്യമായിട്ടും പിണറായി വിജയനെ എന്തിനാണ് രാഹുല്‍ ഗാന്ധി കൂടെ കൂട്ടുന്നത്? കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധിയായിട്ട് കൂടി മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ എന്താണ് രാഹുല്‍ ഇതുവരെ ശബ്ദിക്കാതിരുന്നത്? അഴിമതിക്കെതിരെ മിണ്ടാതിരിക്കുന്നത് ന്യായീകരിക്കാനാവാത്ത തെറ്റാണ്. അഴിമതി ആരോപണം നേരിടുന്ന രാഹുല്‍ ഗാന്ധി അഴിമതിക്കാരുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യമാണ് ഐന്‍ഡി മുന്നണി. നിലനില്‍പ്പിനു വേണ്ടിയുള്ള ഈ മുന്നണി ഈ തിരഞ്ഞെടുപ്പോടെ നാമാവശേഷമായി മാറും. എല്ലാ അഴിമതിക്കാര്‍ക്കും തടവറ ഉറപ്പാണ്. അതാണ് മോദി ഗ്യാരന്റിയെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍