കര്‍ഫ്യു ലംഘനം;യുവാവിനെതിരെ എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു ;രണ്ട് വര്‍ഷം തടവും, 10000 രൂപ പിഴയും ചുമത്താവുന്ന ജില്ലയിലെ ആദ്യ കേസ്
മുത്തങ്ങ:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക് ഡൗണും, കര്‍ഫ്യുവും ലംഘിച്ച് ബംഗളൂരില്‍ നിന്ന് കുഞ്ഞുങ്ങളടക്കമുള്ളവരെ കൂട്ടി നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെതിരെ ബത്തേരി പോലീസ് കേസെടുത്തു.കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഫൈസല്‍ (38) നെതിരെയാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന പ്രസ്തുത കേസ് ജില്ലയില്‍ ആദ്യമായാണ് രജിസ്റ്റര്‍ ചെയ്തത്.കൂടാതെ 188,269 വകുപ്പുകള്‍ പ്രകാരവും,കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെ സഞ്ചരിച്ചതിനാല്‍ ജുവനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇനി മുതല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമാന കേസുകളില്‍ എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരമുള്ള ഗൗരവവകുപ്പുകള് ചേര്‍ക്കുമെന്നും ജില്ലാ പോലീസ് വ്യക്തമാക്കി.ഫൈസല്‍ അമ്മാവനോടൊപ്പം ബാംഗളൂരില്‍ ജോലി ചെയ്യുകയായിരുന്നു.തുടര്‍ന്ന് സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും ലംഘിച്ച് ഇയാള്‍ അമ്മാവന്റെ ഭാര്യയെയും ,മകളെയും , ഒന്നും,രണ്ടും വയസുള്ള രണ്ട് കുട്ടികളെയും കൊണ്ട് കാറില്‍ ഇന്നലെ രാവിലെ 7 മണിയോടുകൂടെ മുത്തങ്ങ ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ തിരികെ പറഞ്ഞു വിടുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍