സ്ക്കൂള് അവധിയെന്ന വ്യാജവാര്‍ത്ത: ശക്തമായ നടപടികളുമായി സ്കൂള്‍ അധികൃതരും രംഗത്ത്; വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്കി
കല്‍പ്പറ്റ:ജില്ലാ കളക്ടര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വാട്സാപ്പ് വഴി ഓപ്പണ്‍ ന്യൂസറിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരനായ വിദ്യാര്‍ത്ഥിക്കെതിരെ സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തു. വിദ്യാര്‍ത്ഥിയെ താക്കീത് നല്‍കിയതിന് പുറമെ മാതാപിതാക്കളെയും ഓഫീസില്‍ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്കി. ഭാവിയില്‍ ഇത്തരം കാര്യങ്ങളിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും എസ്കെഎംജെ സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.കൂടാതെ സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തെ കുറിച്ച് എല്ലാ ക്ലാസ്സുകളിലും ബോധവത്ക്കരണവും നടത്തിയതായി അധ്യാപകര്‍ അറിയിച്ചു.കഴിഞ്ഞ് 17 ന് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി കളക്ടറുടെ പേരില്‍ ഓപ്പണ്‍ ന്യൂസറിന്റെ വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം ഓപ്പണ്‍ ന്യൂസര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജില്ലയിലെ പൊതുജനത്തിനെയാകെ ബുദ്ധിമുട്ടിലാക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിക്കെതിരെ ഓപ്പണ്‍ ന്യൂസര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിയുടെ ഭാഗത്ത് സംഭവിച്ച ഗുരുതരമായ പിഴവ് മനസ്സിലാക്കിയ അധ്യാപകര്‍ കുട്ടിയോട് ചെയ്ത തെറ്റിന്റെ വ്യാപ്തിയെകുറിച്ച് പറഞ്ഞുമനസ്സിലാക്കുകയും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കൂടാതെ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി കുട്ടി ചെയ്ത തെറ്റിനെകുറിച്ച് പറഞ്ഞ് മനസ്സിലാക്കുകയും ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ധരിപ്പിക്കുകയും ചെയ്തു.
തമാശക്കാണെങ്കില്‍ പോലും വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും സംഭവിക്കുന്ന ഇത്തരം ചെറിയ വീഴ്ചകളില്‍ നിരവധി മാതാപിതാക്കളാണ് ദുരിതത്തിലാകുന്നത്. ഇതിനുമുമ്പ് മൂന്ന് തവണ ഇത്തരത്തില്‍ അവധിയുടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതും വിദ്യാര്‍ത്ഥികളായിരുന്നു. അന്ന് ഓപ്പണ്‍ ന്യൂസര്‍ അവരോടും രക്ഷിതാക്കളോടും സംസാരിച്ചപ്പോഴും തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നും ിനിയാവര്ത്തിക്കില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. അതുകൊണ്ട് മാത്രമാണ് നിയമനടപടിക്രമങ്ങള്‍ തുടരുന്നതില്‍ നിന്നും ഓപ്പണ്‍ ന്യൂസര്‍ വിട്ടുനിന്നത്. എന്നാല്‍ വീണ്ടും ഇത്തരം വ്യാജവാര്‍ത്തകള്‍ രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് പോലീസിനും, ഭരണകൂടത്തിനും പരാതി നല്കികൊണ്ടും ,അധ്യാപകരുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിച്ചുകൊണ്ടും ഓപ്പണ്‍ ന്യൂസര്‍ മുന്നോട്ട് പോയത്. ഇനിയും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍