വനിതാ കമ്മീഷന് കോഴിക്കോട് റീജ്യണല്‍ ഓഫീസ് രണ്ടു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും
സംസ്ഥാന വനിതാ കമ്മീഷന്റെ കോഴിക്കോട് റീജ്യണല്‍ ഓഫീസ് രണ്ടു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം. സി. ജോസഫൈന് പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലുള്ളവര്‍ക്ക് റീജ്യണല്‍ ഓഫീസ് ഉപകാരപ്രദമാകും. ഓഫീസിന്റെ സ്ഥലം സംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടറുമായി ഉടന്‍ ചര്‍ച്ച നടത്തും. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും റീജ്യണല്‍ ഓഫീസുകള്‍ ആരംഭിക്കുമെന്നും വനിതാ കമ്മീഷന് മെഗാ അദാലത്തിനായി വയനാട് എത്തിയ അധ്യക്ഷ പറഞ്ഞു. ഏപ്രില്‍ 30, മേയ് ഒന്നു മുതല്‍ നാലു വരെ തീയതികളില്‍ വയനാട്ടിലെ ആദിവാസി സ്ത്രീകള്‍ക്കായി അഞ്ച് ബോധവത്കരണ സെമിനാറുകള്‍ കമ്മീഷന് സംഘടിപ്പിക്കും. ആദിവാസി ഭൂരിപക്ഷ പഞ്ചായത്തുകളായ മീനങ്ങാടി, നൂല്‍പ്പുഴ, തിരുനെല്ലി, പനമരം, പൂതാടി എന്നിവിടങ്ങളിലാണ് സെമിനാറുകള്‍ നടക്കുക. അവിവാഹിതരായ അമ്മമാര്‍ക്ക് വനിതാ കമ്മീഷന് നിയമസഹായം നല്‍കും. ആവശ്യമെങ്കില്‍ ഡി. എന്‍. എ പരിശോധയ്ക്കുള്ള സഹായവും ലഭ്യമാക്കും. അടുത്ത വനിതാ ദിനത്തിനു മുമ്പ് സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. സംസ്ഥാനത്തെ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് പ്രത്യേക പഠന സംഘത്തെ നിയോഗിക്കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍