നൂല്‍പ്പുഴ: വനമേഖലകളില്‍ കാട്ടുതീ പടരുന്നത് തടയുന്നതിനും വനസമ്പത്ത് സംരക്ഷിക്കുന്നതിനും വയനാട് ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന ഫോറസ്റ്റ് ഫയര്‍ ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. വനമേഖലകളില്‍ നിശ്ചിത വീതിയില്‍ സസ്യാവരണം വെട്ടിമാറ്റി തീ പടരുന്നത് തടയുന്നതിനുള്ള പ്രതിരോധ പാത ഒരുക്കുകയാണ് വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് (ഗ്രാമീണ്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ഫയര്‍ ലൈന്‍ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. വേനല്‍ക്കാലത്ത് കാട്ടുതീയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും വന്യജീവികള്‍ക്കും വനസമ്പത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും ജനവാസ മേഖലകളിലേക്ക് തീ പടരാതിരിക്കുന്നതിനും ഇത് സഹായകമാകും.
വനമേഖലകളിലെ വരള്‍ച്ച കുറയ്ക്കുന്നതിനും മണ്ണ്ജല സംരക്ഷണം ഉറപ്പാക്കുന്നതിനുമായി മഴക്കുഴികള്‍, ട്രെഞ്ചുകള്‍, ഗള്ളി പ്ലഗ്ഗുകള്‍, ചെക്ക് ഡാമുകള്‍ തുടങ്ങിയ വിവിധ പ്രവൃത്തികളും വനംവകുപ്പും വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് പദ്ധതിയും സംയുക്തമായി നടപ്പിലാക്കുന്നുണ്ട്. വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പാക്കുന്നതോടെ വന്യജീവികള്‍ വെള്ളവും തീറ്റയും തേടി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനും സാധിക്കും. വനസംരക്ഷണത്തോടൊപ്പം പ്രാദേശിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എ. ഉസ്മാന്, ജില്ലാ വിബിജി റാം ജി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബൈജു മുഖ്യപ്രഭാഷണം നടത്തി. റേഞ്ച് ഓഫീസര്‍ നൗഫല്‍, പഞ്ചായത്ത് സെക്രട്ടറി എം.ബി സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ്, വിജയന്, പ്രേമ, നൂല്‍പ്പുഴ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)