തരുവണ:തരുവണ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബിന്റെയും എക്‌സൈസ് വിമുക്തി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് 'പൗരബോധം: ലഹരിക്കെതിരെ' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
ഹൈസ്‌കൂള്‍ പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ ഉത്തരവാദിത്തമുള്ള പൗരബോധം വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം സെമിനാര്‍ എടുത്തുപറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും കടമകളും തിരിച്ചറിയാനും,ലഹരി ഉപയോഗം ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് എങ്ങനെ തടസ്സമാകുന്നുവെന്ന് മനസ്സിലാക്കാനും സെമിനാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി.
ചടങ്ങിന് ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബ് കണ്‍വീനര്‍ അഭിന എബ്രഹാം സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് നിഷ ആന്‍ ജോയ് അധ്യക്ഷത വഹിച്ചു.എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ ജാഗ്രത പാലിക്കാനും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ നാടിന്റെ കരുത്തായി മാറാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.
സ്‌കൂള്‍ കൗണ്‍സിലര്‍ വി. നൂര്‍ജഹാന്‍,സീനിയര്‍ അസിസ്റ്റന്റ് പി.സി.ജസി, ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബ് പ്രതിനിധി മുഹമ്മദ് അഫ്‌നാന്‍,എസ്.പി.സി. കമാന്‍ഡര്‍ മുഹമ്മദ് ഷിനാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ക്ലബ്ബ് ലീഡര്‍ മുഹമ്മദ് സിയാദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
'ലഹരിയില്ലാത്ത പുലരിക്കായി കൈകോര്‍ക്കാം, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തമ പൗരന്മാരായി വളരാം' എന്ന പ്രതിജ്ഞയോടെയാണ് സെമിനാര്‍ സമാപിച്ചത്.
അഭിപ്രായങ്ങൾ (Comments)