പുല്‍പ്പള്ളി: വേനല്‍ കടുക്കാന്‍ തുടങ്ങുമ്പോഴും മരക്കടവ് മഞ്ഞാടിക്കടവിലെ ജലജീവന്‍ മിഷന് പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ഗ്രാമീണ മേഖലയിലെ 4600 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം മുടന്തന്‍ നീക്കത്തിലായത്.സുല്‍ത്താന്‍ ബത്തേരി പി.എച്ച്. ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2024 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പദ്ധതി വൈദ്യുതി കണക്ഷന് ലഭിച്ചാല്‍ ഉടന്‍ പ്രവര്ത്തനസജ്ജമാക്കുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഉറപ്പ്. എന്നാല്‍ വൈദ്യുതി കണക്ഷന് ലഭിച്ച് നാളുകള്‍ പിന്നിട്ടിട്ടും പദ്ധതി ഇപ്പോഴും നോക്കുകുത്തിയായി തുടരുകയാണ്.വലിയ തോതില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മുള്ളന്‍കൊല്ലി പഞ്ചായത്ത്. വേനല്‍ ശക്തമാകുന്നതോടെ കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഈ സാഹചര്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ച് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാന്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പദ്ധതി എത്രയും വേഗം ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്ന് പെരിക്കല്ലൂര്‍ പൗരസമിതി ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് ജിജി ഗിരീഷ് കുമാര്‍, സെക്രട്ടറി ജോഷി ജോണ്‍, ട്രഷറര്‍ ഡാമിന് ജോസഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)