മാനന്തവാടി: കേരളത്തിന്റെ മുഖമുദ്രയായ മതേതരത്വവും മതസൗഹാര്‍ദവും ആര്‍എസ്എസിന് അടിയറ വെക്കുന്ന രീതിയിലാണ് യുഡിഎഫ് നയിക്കുന്ന വി ഡി സതീശന്‍ സര്‍ക്കാരിന്റെ ഭരണം എന്ന് കേരള കോണ്‍ഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റി കാട്ടിക്കുളത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം അഭിപ്രായപ്പെട്ടു.എല്‍ഡിഎഫ് ഗവണ്‍മെന്റ് സംസ്ഥാനത്ത് കൊണ്ടുവന്ന വികസനവും പുരോഗതിയും ലോകം ചര്‍ച്ച ചെയ്തതാണ്.അതെല്ലാം തകര്‍ക്കുന്ന ഭരണമാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെത്. നാടിന്റെ വികസനം ആറുമാസം കൊണ്ട് 60 വര്‍ഷം പിന്നോട്ടടിക്കുകയാണ്.ആരോഗ്യം,വിദ്യാഭ്യാസം, തൊഴില്‍,കാര്‍ഷികം,റോഡ് വികസനം,പാര്‍പ്പിടം, വൈദ്യുതി എന്നീ രംഗങ്ങളിലെല്ലാം കേരളം രാജ്യത്തിന് മാതൃകയായിരുന്നു.ഇതെല്ലാം തകര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാരെന്നും യോഗം കുറ്റപ്പെടുത്തി.
അഴിമതിയും സ്വജനപക്ഷപാതവും ആണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര.സരള്‍ ബില്ലിലൂടെയും മാരിടൈന്‍ ബില്ലിലൂടെയും കേരളത്തിന്റെ മണ്ണും വയലും കടലും കായലും കോര്‍പ്പറേറ്റ് കൊള്ളക്കാര്‍ക്ക് തീറെഴുതി കൊടുക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ നിക്ഷേപങ്ങളുടെയും ബിസിനസുകളുടെയും പേര് പറഞ്ഞ് നമ്മുടെ നാടും കാടും കടലും തീരവും എല്ലാം വിറ്റു തുലയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മിഷന്‍ സമുദ്ര പദ്ധതിലൂടെ കേരളത്തിന്റെ കടലോരം അദാനിക്ക് വിറ്റു കാശാക്കുകയാണ് വി ഡി സതീശന്റെ ലക്ഷ്യം. ഇത്തരം കരി നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ആര്‍ ജയരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ വള്ളുവക്കണ്ടി വനിതാ കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡണ്ട് ഷൈജ മഗേഷ് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സി ആര്‍ പ്രദീപ് കര്‍ഷക കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡണ്ട് രാമചന്ദ്രന്‍ പുല്‍പ്പള്ളി പാര്‍ട്ടി ജില്ലാ കമ്മിറ്റി ഭാരവാഹികളായ കെ ജി അരുണ്‍ ടി കെ വിശ്വംഭരന്‍ വിജയന്‍ പാലക്കുഴി ഗോപാലകൃഷ്ണന്‍ കാട്ടിക്കുളം എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ കേരള കോണ്‍ഗ്രസ് ബി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടിക്കുളം ടൗണില്‍ നടത്തിയ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യുന്നു
അഭിപ്രായങ്ങൾ (Comments)