മുട്ടില്‍: വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം 2026 നോടനുബന്ധിച്ച് കലോത്സവത്തിന്റെ സമഗ്ര വിവരങ്ങള്‍ ഒരൊറ്റ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനമാരംഭിച്ചു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഐടി, വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം. ഇന്ററാക്ടീവ് ക്യാമ്പസ് മാപ്പിലൂടെ ക്യാമ്പസിലെ വിവിധ കെട്ടിടങ്ങള്‍ മത്സരവേദികള്‍ ഭക്ഷണശാലകള്‍ ശൗചാലയങ്ങള്‍ തുടങ്ങിയവ മുന്‍കൂട്ടി പരിചയപ്പെടാന്‍ സാധിക്കും. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളിലേക്കുള്ള ദിശയും വഴിയും കണ്ടെത്തി പ്രധാന വേദികളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയും.
ഓഫ് സ്‌റ്റേജ് മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ വിവിധ കമ്മിറ്റികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി അനുവദിച്ചിട്ടുള്ള മുറികളുടെ വിവരങ്ങള്‍ ഗ്രീന്‍ റൂമുകളുടെ വിശദാംശങ്ങള്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ വേദിയിലും നടക്കുന്ന മത്സരങ്ങളും നിലവില്‍ അരങ്ങേറുന്ന പരിപാടികളും തത്സമയം അറിയാനുള്ള ലൈവ് സ്‌റ്റേജ് അപ്‌ഡേറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രത്യേക അഡ്മിന്‍ ഡാഷ്‌ബോര്‍ഡിലൂടെ ഇതിന്റെ നിയന്ത്രണവും നിരീക്ഷണവും സാധ്യമാകും.
ഡൗണ്‍ലോഡ് മെനുവിലൂടെ ഓണ്‍ സ്‌റ്റേജ് ഓഫ് സ്‌റ്റേജ് മത്സരങ്ങളുടെ പ്രോഗ്രാം ലിസ്റ്റുകള്‍ ലഭിക്കും. വിവിധ മാധ്യമ സ്ഥാപനങ്ങള്‍ സംപ്രേഷണം ചെയ്യുന്ന കലോത്സവ പരിപാടികളുടെ തത്സമയ ലിങ്കുകള്‍ യൂട്യൂബ് ലൈവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൈറ്റ് ഔദ്യോഗിക റിസള്‍ട്ട് വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് പ്രധാന വ്യക്തികളുടെയും വിവിധ കമ്മിറ്റി അംഗങ്ങളുടെയും കോണ്‍ടാക്ട് നമ്പറുകള്‍ പ്രധാന അറിയിപ്പുകള്‍ സൈറ്റ് മാപ്പ് റൂട്ട് മാപ്പ് പ്രധാന വേദികളുടെ ചിത്രങ്ങള്‍ ഫോട്ടോ വീഡിയോ ഗാലറികള്‍ എന്നിവയും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിവിധ ഇടങ്ങളില്‍ അന്വേഷിക്കാതെ ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിലൂടെ മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ സിഡ്‌കോ ചെയര്‍മാന്‍ ടി മുഹമ്മദ്, വൈത്തിരി എഇഒ ഡോ കെ ടി അഷ്‌റഫ്, ഡബ്ല്യുഎംഒ ജോയിന്റ് കണ്‍വീനര്‍ മുഹമ്മദ് ഷാ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ ഗൗസ് എന്‍ യു, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
www.wovhss.in എന്ന വിലാസത്തില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. മുട്ടില്‍ ഡബ്ലിയുഒവിഎച്ച്എസ് സ്‌കൂളിലെ സോഷ്യോളജി അധ്യാപകന്‍ യസീര്‍ പി കെ ആണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തത്.
അഭിപ്രായങ്ങൾ (Comments)