ദ്വാരക: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മൂന്നാം പതിപ്പിന് ഡിസംബര്‍ 19ന് തുടക്കമാകും. ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ സാഹിത്യോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. നിരവധി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമാകുമെന്ന് ഡബ്ല്യു എല്‍എഫ് ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ് അറിയിച്ചു. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ എന്‍.ഇ. സുധീറും എഴുത്തുകാരന്‍ കൂടിയായ മുഖ്യമന്ത്രി വി.ഡി സതീശനും ചേര്‍ന്ന് നടത്തുന്ന സംഭാഷണം ഉദ്ഘാടനത്തിനു ശേഷം നടക്കും. മുഖ്യമന്ത്രി രചിച്ച ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിന്റെ വിശേഷങ്ങള്‍ മുഖ്യമന്ത്രി പങ്കുവയ്ക്കും. തുടര്‍ന്നു നടക്കുന്ന ബുക്ക് സൈനിംഗ് സെഷനില്‍ അദ്ദേഹം പങ്കെടുക്കുകയും പുസ്തകത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്യും. വയനാടിന്റെ നെല്ലച്ഛന്‍ അന്തരിച്ച പത്മശ്രീ ചെറുവയല്‍ രാമനോടുള്ള ആദരസൂചകമായി പ്രത്യേക പരിപാടിയോടെയാണ് വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തുടക്കമാകുക.
19 മുതല്‍ 23വരെ അഞ്ചു ദിവസങ്ങളിലായാണ് ഇത്തവണത്തെ സാഹിത്യോത്സവം നടക്കുന്നത്. സാഹിത്യ, സാമൂഹിക, ചലച്ചിത്ര, കലാരംഗത്തെ നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുക. വയനാട് എംപി പ്രിയങ്കാ ഗാന്ധി, സിപിഎം ദേശീയ സെക്രട്ടറി എംഎ ബേബി, സാഹിത്യാകാരായ സാറാ ജോസഫ്, എം. മുകുന്ദന്‍, സക്കറിയ, സച്ചിദാനന്ദന്‍, ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, ഉര്‍വശി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സാഹിത്യോത്സവത്തിന്റെ ഭാഗമാകും.
കേരളത്തിലെ പ്രമുഖ പ്രസാധകരുടെ ബുക്ക് സ്റ്റാളുകള്‍, ഭക്ഷ്യശാലകള്‍, ചിത്ര പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശനം, പുഷ്പമേള, വിവിധ വിഷയങ്ങളിലെ മാസ്റ്റര്‍ ക്ലാസുകള്‍ , ഇന്റര്‍നാഷണല്‍ അക്കാഡമിക് കോണ്‍ഫറന്‍സ്, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് , പൊതുവിഭാഗങ്ങള്‍ക്കായി സാഹിത്യ ക്വിസ് തുടങ്ങിയവയും എല്ലാ ദിവസവും വൈകുന്നേരം സംഗീത സന്ധ്യകളും അരങ്ങേറും.
ഡബ്ല്യു എല്‍ എഫിന്റെ പ്രത്യേക പരിപാടികളായ പൈതൃക നടത്തം, ദിവസേനയുള്ള ക്യാമ്പ് ഫയര്‍ വായന തുടങ്ങിയവ ഇത്തവണയും ഉണ്ടാകും. ഇത്തവണ ഡെലിഗേറ്റ് പാസുകളും ടിക്കറ്റുകളും വഴി പ്രവേശനം നിയന്ത്രിക്കും. ആയിരം രൂപയുടെ ഡെലിഗേറ്റ് പാസ്, ഒറ്റത്തവണ പ്രവേശനം അനുവദിക്കുന്ന 100 രൂപയുടെ ദിവസ ടിക്കറ്റ് എന്നിവയാണ് ഉണ്ടാവുക. പതിനേഴ് വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് ദിവസ ടിക്കറ്റ് നിരക്ക് 50 രൂപയായിരിക്കും. ഡിസംബര്‍ 10 വരെ ഡെലിഗേറ്റ് പാസ് എടുക്കുന്നവര്‍ക്ക് നിരക്കില്‍ ഇളവു ലഭിക്കും. ഡെലിഗേറ്റുകള്‍ക്ക് എല്ലാ പരിപാടികളിലും ഏതാനും സീറ്റുകള്‍ നീക്കിവയ്ക്കുകയും ബുക്ക് സൈനിംഗ് സെഷനില്‍ പ്രത്യേക ക്യൂ അനുവദിക്കുകയും ചെയ്യും.
അഭിപ്രായങ്ങൾ (Comments)