മാനന്തവാടി: വയനാട് ജില്ലയിലെ മികച്ച ഗ്രന്ഥശാലകളിലൊന്നായ മാനന്തവാടി നഗരസഭാ പരിധിയിലെ കൊയിലേരി ഉദയവായനശാല സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഭാഗമായിട്ട് 25 വര്‍ഷം പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആദ്യ പരിപാടിയായ നേത്രരോഗ മെഡിക്കല്‍ ക്യാമ്പ് മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ അഹല്യ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന 25 ഇന കര്‍മപദ്ധതികളുടെ കലണ്ടര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ പ്രകാശനം ചെയ്തു. രജത ജൂബിലി ലോഗോ മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്തു.
ഡിവിഷന്‍ കൗണ്‍സിലര്‍ മഞ്ജുള അശോകന്‍ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഷാജി തോമസ്, കമ്മന മോഹനന്‍, എ എം നിശാന്ത്, ലാജി ജോണ്‍, പ്രിന്‍സ് സി.സി., സുധാകരന്‍ ഈന്തനമൂല, സണ്ണി ടി.ടി., ഓമന കെ., ശാന്ത രവി, ബിനോയ് കെ.ടി., എം.എം. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)