തവിഞ്ഞാല്‍: സംസ്ഥാന സര്‍ക്കാര്‍ ആദ്യ ആറുമാസത്തിനിടെ സംസ്ഥാനത്ത് വിതരണം ചെയ്തത് 12,000 ത്തോളം പട്ടയങ്ങളെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തവിഞ്ഞാലില്‍ നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന രണ്ടരലക്ഷത്തോളം അപേക്ഷകളില്‍ 52,000 അപേക്ഷകള്‍ പരിഹരിച്ചതായും മന്ത്രി പറഞ്ഞു. തവിഞ്ഞാല്‍ പ്രദേശത്തെ ഭൂമിയുടെ ഫെയര്‍വാല്യു അമിതമായി വര്‍ധിച്ചതിനാല്‍ ഭൂമി വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പ്രയാസം നേരിടുന്നതായി ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കും. ഭൂമി സംബന്ധമായ സേവനങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കി സമയബന്ധിതമായും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മാനന്തവാടി ബ്ലോക്കിന് കീഴിലെ 12 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ ഒന്നാണ് തവിഞ്ഞാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. 202425 വര്‍ഷത്തെ എസ്.എ.എസ്.സി.ഐ ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുക, ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നടപ്പാക്കുന്നത്.
പരിപാടിയില്‍ എം എല്‍.എ ഉഷ വിജയന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ലിസി ജോസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജോസഫ് മറ്റത്തിലാനി, എല്‍സി ജോയി, വി.കെ ശശികുമാര്‍, വാര്‍ഡ് അംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്മാന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(ഫോട്ടോ ക്യാപ്ഷന്‍ തവിഞ്ഞാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ സംസാരിക്കുന്നു)
അഭിപ്രായങ്ങൾ (Comments)