കൽപ്പറ്റ

കല്‍പ്പറ്റ റെസ്‌റ്റോറന്റിലെ മോഷണം: സ്ഥിരം കുറ്റവാളി പിടിയില്‍

കല്‍പ്പറ്റ റെസ്‌റ്റോറന്റിലെ മോഷണം: സ്ഥിരം കുറ്റവാളി പിടിയില്‍

കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപാസ് റോഡിലുള്ള ബെഞ്ചോസ് (Benjo's) റെസ്‌റ്റോറന്റില്‍ നടന്ന മോഷണക്കേസില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ കല്‍പ്പറ്റ പോലീസ് പിടികൂടി. പുല്‍പ്പള്ളി പാടിച്ചിറ കിഴക്കനേത്ത് വീട്ടില്‍ റോമിയോ ബേബി (29) ആണ് പിടിയിലായത്.
നവംബര്‍ 16ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. റെസ്‌റ്റോറന്റിനുള്ളില്‍ അതിക്രമിച്ചു കയറിയ ഇയാള്‍, മേശവലിപ്പിന്റെ പൂട്ട് തകര്‍ത്ത് അകത്ത് സൂക്ഷിച്ചിരുന്ന 15,000 രൂപ വിലമതിക്കുന്ന ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. റെസ്‌റ്റോറന്റിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഒളിവില്‍ പോയ പ്രതിയെ വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് (ടഅഏഛഇ) അംഗങ്ങളായ ബിജു വര്‍ഗീസ്, ഷാലു ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് ഇന്ന് (നവംബര്‍ 20) പുലര്‍ച്ചെ 3 മണിയോടെ മാഹിയില്‍ വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ ബാഗില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുക്കുകയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പുല്‍പ്പള്ളി, കല്‍പ്പറ്റ, കേണിച്ചിറ, മാനന്തവാടി, തിരുനെല്ലി, ഇരിട്ടി, വളയാര്‍, നൂല്‍പ്പുഴ എന്നീ പോലീസ് സ്‌റ്റേഷനുകളിലായി പതിനഞ്ചോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കാട്ടിക്കുളത്ത് കരുണ ഭവന്‍ വൃദ്ധ സദനത്തില്‍ നിന്ന് 22000 രൂപ വില മതിക്കുന്ന കാപ്പിക്കുരു മോഷണം നടത്തിയ കേസ് , പാടിച്ചിറ ക്ഷേത്രത്തിലെ ഭണ്ഡാരവും മേശവലിപ്പും കുത്തി തുറന്ന്  4000 രൂപയോളം കവര്‍ന്ന സംഭവം, കാട്ടിക്കുളം സെന്റ് പീറ്റെഴ്‌സ് മലങ്കര പള്ളിയില്‍ കയറി സി.സി.ടി.വിയുടെ ഡി.വി.ആര്‍ മോഷ്ടിച്ച കേസിലും, ഇരിട്ടി നിത്യ സഹായ മാതാ പള്ളിയിലെ ഭണ്ഡാരം പൊളിച്ച് 55000 രൂപയോളം കവര്‍ന്നത് എന്നിങ്ങനെ നിരവധി മോഷണക്കേസുകളാണുള്ളത് .
 
അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്ത്രീവേഷം കെട്ടി മോഷണം നടത്തുന്നത് ഇയാളുടെ പതിവ് രീതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ മുന്‍പ് കാപ്പ (ഗഅഅജഅ) നിയമപ്രകാരമുള്ള നടപടികളും പോലീസ് സ്വീകരിച്ചിരുന്നു.

കല്‍പ്പറ്റ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എം രമേശ്, സീനിയര്‍ സി.പി.ഒ ബിഗേഷ്, സി പി ഒ റിജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ