കല്‍പ്പറ്റ: ബാല്യത്തിന്റെ സ്വപ്നങ്ങള്‍ക്കും അവകാശങ്ങള്‍ക്കും നിറം പകര്‍ന്ന ചിത്രങ്ങളുമായി 'കെലൈഡോ 2026' ആര്‍ട്ട് ഫെസ്റ്റ്. അന്താരാഷ്ട്ര ബാലാവകാശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കളക്ടറേറ്റ് പാര്‍ക്കിലാണ് ആര്‍ട്ട് ഫെസ്റ്റ് സംഘടിപ്പിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനും ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. 'മൈ ഡേ, മൈ റൈറ്റ്‌സ്, മൈ ഫ്യൂച്ചര്‍' എന്ന പ്രമേയത്തില്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ലൈവ് പെയിന്റിങ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമായി. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പോട്ടറി മേക്കിങ് പരിശീലനവും സംഘടിപ്പിച്ചു.
ഫെസ്റ്റിന്റെ ഭാഗമായി ജില്ലയിലെ യുവ എഴുത്തുകാരുടെ പുസ്തകപ്രദര്‍ശനവും നടന്നു. ചിത്രകലയും മണ്‍പാത്രനിര്‍മാണവും സാഹിത്യവും ഒത്തുചേര്‍ന്ന പരിപാടി കുട്ടികളുടെ സര്‍ഗാത്മകതയ്ക്കും അവകാശബോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി.ബി ബിനു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു
അഭിപ്രായങ്ങൾ (Comments)