കൽപ്പറ്റ

കലയുടെ മഹോത്സവത്തിന് മുട്ടില്‍ ഒരുങ്ങുന്നു;വയനാട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവം നവംബര്‍ 23 മുതല്‍ 26 വരെ;എട്ട് വേദികളിലായി മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും; വിപുലമായ സംഘാടനവുമായി മുട്ടില്‍ ഓര

കലയുടെ മഹോത്സവത്തിന് മുട്ടില്‍ ഒരുങ്ങുന്നു;വയനാട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവം നവംബര്‍ 23 മുതല്‍ 26 വരെ;എട്ട് വേദികളിലായി മൂവായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും; വിപുലമായ സംഘാടനവുമായി മുട്ടില്‍ ഓര

മുട്ടില്‍: വയനാടിന്റെ കലാസാംസ്‌കാരിക മികവുകള്‍ക്ക് നിറം പകരുന്ന 45-ാമത് വയനാട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന് മുട്ടില്‍ ഒരുങ്ങുന്നു. നവംബര്‍ 23 മുതല്‍ 26 വരെ നാല് ദിവസങ്ങളിലായി മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കലോത്സവം അരങ്ങേറുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം കലാപ്രതിഭകള്‍ എട്ട് വേദികളിലായി തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കും.മേളയുടെ പ്രൗഢിക്കും പങ്കാളിത്തത്തിന്റെ വലിപ്പത്തിനും അനുയോജ്യമായ വിപുലമായ സംഘാടന പ്രവര്‍ത്തനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 1,2,5,6,7,8 വേദികള്‍ ഡബ്ല്യുഎംഒ ക്യാമ്പസിലും 3,4 വേദികള്‍ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. 


ജില്ലയുടെ കലാ മികവുകള്‍ ഒരേ വേദിയില്‍ സംഗമിക്കുന്ന ഈ മഹോത്സവത്തെ ജനകീയമാക്കുന്നതിനും മേളയുടെ സന്ദേശം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനുമായി വിപുലമായ വിളംബര പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംഘാടന മികവിലും ആതിഥ്യമര്യാദയിലും മാതൃകയാകുന്ന കലോത്സവം ഒരുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.

നവംബര്‍ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ് പതാക ഉയര്‍ത്തുന്നത്തോടെ മേളക്ക് തുടക്കമാകും. സ്‌റ്റേജിതര മത്സരങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കും. 24,25,26 തിയതികളില്‍ സ്‌റ്റേജിന മത്സരങ്ങള്‍ രാവിലെ 9.30 ന് 8 വേദികളിലും തുടക്കമാവും. 

നവംബര്‍ 24 ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കുന്ന ഉദ്ഘാടന പൊതുസമ്മേളനം മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം സണ്ണി വെയ്ന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

നവംബര്‍ 26 വ്യാഴാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന പൊതുസമ്മേളനം സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ വി. ചെല്‍സാസിനി ചടങ്ങില്‍ അതിഥിയായി പങ്കെടുക്കും. ഉദ്ഘാടനസമാപന സമ്മേളനങ്ങളില്‍ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, ഡബ്ല്യു.എം.ഒ മാനേജ്‌മെന്റ് ഭാരവാഹികള്‍, അധ്യാപക സംഘടനാ നേതാക്കള്‍, സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സംവിധാനമാണ് രൂപീകരിച്ചിരിക്കുന്നത്. 13 സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരുന്നു. മുന്നൂറോളം വളണ്ടിയര്‍മാരുടെ സേവനവും മേളയുടെ സംഘാടനത്തിന് കരുത്തേകും.

കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ആവശ്യമായ ഭക്ഷണസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വിപുലമായ ഭക്ഷണശാലയും സജ്ജീകരിക്കുന്നുണ്ട്. ഒരേസമയം 500 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഭക്ഷണവേദി ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിഗത വിജയികള്‍ക്ക് ഉള്‍പ്പടെ സമ്മാനം തയ്യാറാക്കുന്നുണ്ട്. 

മത്സരവേദികളുടെ ഒരുക്കം, ഗതാഗത നിയന്ത്രണം, ഭക്ഷണം, താമസം, ശുചിത്വം, സുരക്ഷ, പ്രചാരണം തുടങ്ങി വിവിധ മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. 

കലോത്സവത്തിന്റെ സംഘാടനത്തില്‍ മുട്ടില്‍ പ്രദേശത്തിന്റെ സജീവമായ ജനപങ്കാളിത്തം ശ്രദ്ധേയമാണ്. നാട്ടുകാരും വ്യാപാരികളും സാമൂഹികസാംസ്‌കാരിക സംഘടനകളും വിദ്യാലയങ്ങളും ഒരുമിച്ച് മേളയെ ഏറ്റെടുത്തിരിക്കുകയാണ്. അതിഥികളെ സ്വീകരിക്കുന്നതിലും മത്സരാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പ്രദേശവാസികളുടെ കൂട്ടായ പിന്തുണ സംഘാടകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

ഇതിന് മുമ്പ് 2008ലാണ് മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേദിയായത്. അന്ന് സംഘാടന മികവുകൊണ്ടും കെട്ടിലും മട്ടിലും പുലര്‍ത്തിയ വ്യത്യസ്തതകൊണ്ടും ഏറെ പ്രശംസ നേടിയ കലോത്സവം 'കെട്ടിലും മട്ടിലും മുട്ടില്‍' എന്ന വിശേഷണം സ്വന്തമാക്കിയിരുന്നു. ആ ചരിത്രവിജയത്തിന്റെ ആവര്‍ത്തനം ലക്ഷ്യമിട്ടാണ് ഈ വര്‍ഷവും സംഘാടകര്‍ മുന്നോട്ടുപോകുന്നത്.

വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ക്ക് വേദിയൊരുക്കുന്നതിനൊപ്പം വയനാടിന്റെ കലാസാംസ്‌കാരിക ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്ന ജനകീയ മഹോത്സവമായി കലോത്സവത്തെ മാറ്റാനാണ് സംഘാടക സമിതിയുടെ ശ്രമം. മത്സരങ്ങളുടെ മികവിനൊപ്പം സംഘാടനത്തിലും ആതിഥ്യമര്യാദയിലും മാതൃക തീര്‍ത്ത് വയനാടിന്റെ കലോത്സവ ചരിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ അധ്യായം എഴുതിച്ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് മുട്ടില്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ