വൈത്തിരി: വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ ഒരേ കൃഷിയിടത്തില്‍ വിളയിച്ച് ശ്രദ്ധേയനാകുകയാണ് വൈത്തിരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം പാലം സ്വദേശി കരുവാരത്തൊടിയില്‍ അനൂസ്. പരീക്ഷണങ്ങളിലൂടെയും കൃഷിയിലെ പുതുമകളിലൂടെയും പച്ചക്കറിക്കൃഷിക്ക് പുതിയ സാധ്യതകള്‍ തേടുന്ന കൃഷിയിടത്തില്‍ ഇപ്പോള്‍ വിളവെടുപ്പിന്റെ കാലമാണ്. രണ്ടേക്കറോളം സ്ഥലത്താണ് പ്രധാനമായും പച്ചക്കറിക്കൃഷി ഒരുക്കിയിരിക്കുന്നത്. ആരോറൂട്ട്, ബട്ടര്‍നട്ട്, പീച്ചില്‍, പടവലം, ചൗചൗ, പാവല്‍, കോവയ്ക്ക, ചീര, പയര്‍ തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഹൈബ്രിഡ് ഇനങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്ത ഇനങ്ങള്‍ പരീക്ഷിച്ചാണ് കൃഷി. മായ എന്ന ഹൈബ്രിഡ് ഇനത്തിലുള്ള പാവലും കൊവായി, മഹി വണ്‍ എന്നീ ഇനങ്ങളിലുള്ള പടവലവും കൃഷ്ണപ്രിയ, അര്‍ക്ക, സംരക്ഷ എന്നീ ഇനങ്ങളിലുള്ള ചീരയുമാണ് കൃഷി ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും കൃഷിയെ ബാധിച്ചെങ്കിലും പിന്മാറാതെ വീണ്ടും കൃഷിയിറക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ മഴയില്‍ കൃഷി നശിച്ചതിനെത്തുടര്‍ന്ന് കന്നിമാസത്തിലാണ് വീണ്ടും കൃഷിയിറക്കിയത്. ഇതോടെ ഇപ്പോള്‍ വിളവെടുപ്പ് സജീവമായിരിക്കുകയാണ്.
ചീര, പാവല്‍, കോവയ്ക്ക, ബട്ടര്‍നട്ട്, പീച്ചില്‍, പടവലം, ചൗചൗ തുടങ്ങിയവയാണ് നിലവില്‍ വിളവെടുക്കുന്നത്. വിവിധയിനം പച്ചക്കറികള്‍ ഒരുമിച്ച് കൃഷി ചെയ്യുന്നതിലൂടെ വിളവില്‍ വൈവിധ്യം ഉറപ്പാക്കുന്നതിനൊപ്പം കൃഷിയിലെ പുതിയ സാധ്യതകളും പരീക്ഷിക്കുകയാണ്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും ഭാഗമായി വൈത്തിരി കൃഷിഭവന്‍ മുഖേന ഹൈബ്രിഡ് പച്ചക്കറിക്കൃഷി വ്യാപനത്തിന് രണ്ടര ഏക്കറിലേക്ക് 24,000 രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ട്. പാവല്‍ കൃഷിക്കുള്ള പന്തല്‍ സംവിധാനത്തിന് 10,000 രൂപയുടെ സഹായവും ലഭിച്ചു. മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിച്ച് ജൈവവള ലഭ്യത ഉറപ്പാക്കുന്നതിനായി 50,000 രൂപ ചെലവ് പ്രതീക്ഷിക്കുന്ന മണ്ണിര കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ് പദ്ധതിയുടെ സഹായവും ലഭിച്ചിരുന്നു. പച്ചക്കറിക്കൃഷിക്കൊപ്പം ഫാം ടൂറിസത്തിന്റെ ഭാഗമായി സൂര്യകാന്തി, വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലി, വാടാമല്ലി തുടങ്ങിയ പൂക്കളും മറ്റൊരു സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. കൃഷിയിലെ വൈവിധ്യവും പുതുമയും ഒരുമിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കാനുള്ള ശ്രമത്തിലാണ് അനൂസ്. സര്‍ക്കാര്‍ സഹായവും സ്വന്തം അധ്വാനവും കൈമുതലാക്കി പച്ചക്കറിക്കൃഷിയില്‍ കൂടുതല്‍ പരീക്ഷണങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം.
അഭിപ്രായങ്ങൾ (Comments)