കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധമിരമ്പി. എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്നുമാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവാസികള്‍ പങ്കെടുത്തു. കളക്ടറേറ്റിന് മുന്നില്‍ കേരള പ്രവാസി സംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ. സരുണ്‍ മാണി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രവാസി ക്ഷേമ പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് യു ഡി എഫിലെ അധികാര വടംവലിമൂലം ലക്ഷക്കണക്കിന് പ്രവാസികള്‍ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി പെന്‍ഷന്‍ കുടിശിക ഉടന്‍ തീര്‍ത്ത് നല്‍കുക, അന്യായമായുള്ള നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനവ് പിന്‍വലിക്കുക, പ്രവാസി സാന്ത്വന പദ്ധതികള്‍ പുനഃസ്ഥാപിക്കുക, ലോകകേരള സഭ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മാര്‍ച്ച് നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലെ ദ്വിദിന സത്യാഗ്രഹത്തിന്റെ ഭാഗമായാണ് കളക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് പി ടി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ സജീവ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കല്‍പറ്റ ഏരിയ സെക്രട്ടറി അഡ്വ: പ്രമോദന്‍ സ്വാഗതവും, മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ കെ നാണു നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)