കല്‍പ്പറ്റ:കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തി രാജ് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ലോക്‌സഭാ എം.പി സപ്തഗിരി ശങ്കര്‍ ഉലക അധ്യക്ഷനായ 16 അംഗ സമിതിയാണ് സന്ദര്‍ശനം നടത്തിയത്. എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെത്തിയ സംഘം എന്‍ ഊരിന്റെ ഭാവി വികസനത്തിനായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) ഫണ്ടിന്റെ സാധ്യതകള്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനിയുമായി ചര്‍ച്ച ചെയ്തു. എന്‍ ഊരിലെ പണിയ നൃത്തം, കരകൗശല വസ്തുക്കള്‍, കാര്‍ഷികവന ഉത്പന്നങ്ങളുടെ വിപണന ശാലകള്‍ സംഘം സന്ദര്‍ശിച്ചു. വിനോദസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഗൃഹ പൈതൃകം, ഗോത്രകലാ പൈതൃകം, ഗോത്ര വേഷാലങ്കാര പരിചയം, ഗോത്ര ഭക്ഷണംസംഗീത പൈതൃകം എന്നിവ സംബന്ധിച്ച് സമിതി അംഗങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന നന്മ ഫുഡ് പ്രോസസിങ് യൂണിറ്റ് സന്ദര്‍ശിച്ച സംഘം, യൂണിറ്റില്‍ വിനിയോഗിച്ച കേന്ദ്ര വിഹിത ഫണ്ട്, പ്രവര്‍ത്തന രീതി, ഉത്പന്നങ്ങളുടെ വിപണനം, വിറ്റുവരവ് എന്നിവയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഫുഡ് പ്രോസസിങ് കേന്ദ്രത്തിലെ ഉത്പന്നങ്ങള്‍ കഴിച്ച് സംതൃപ്തി രേഖപ്പെടുത്തിയാണ് സമിതി മടങ്ങി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച ചുറ്റുമതില്‍, പി.എം.എ.വൈ പദ്ധതി പ്രകാരം തരിയോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ നിര്‍മ്മിച്ച ദേവയാനി സുകുമാരന്റെ വീട്, തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച കിണര്‍ എന്നിവയും സമിതി സന്ദര്‍ശിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം മൈലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന മഴക്കുഴി സന്ദര്‍ശിച്ച സംഘം തൊഴിലാളികളുമായി സംവദിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ജനാര്‍ദന്‍ മിശ്ര, കരംവീര്‍ സിംഗ് ബോദ്, നാഗേന്ദ്ര റായ്, വിജയ് കുമാര്‍ ദുബെ, നബ ചരണ്‍ മാജി, ഇമ്രാന്‍ മസൂദ്, പി.ടി ഉഷ, മിയാന്‍ അല്‍താഫ് അഹ്മദ്, ബൈദ്യനാഥ് റാം, കൃഷ്ണ ദേവി പട്ടേല്‍, ഭുമാരെ സന്ദീപന്റാവു ആസാറാം, രാജതി, ഭാസ്‌കര്‍ മുരളീധര്‍ ഭഗാരെ, സമീറുല്‍ ഇസ്ലാം, ജുഗല്‍ കിഷോര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റ് എം.പിമാര്‍.
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ഡോ. എം.ജി രാജമാണിക്യം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്‌നേശ്വരി, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, പാര്‍ലമെന്ററി കമ്മറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ അതുല്‍ സിംഗ്, എ.ഡി.എം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ലീഡ് ബാങ്ക് മാനേജര്‍ വിനീഷ് ബാബു, കാനറ ബാങ്ക് ജി.എം വിജയലക്ഷ്മി, കുടുംബശ്രീ എ.ഡി.എം.സി കെ.എം സലീന, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
അഭിപ്രായങ്ങൾ (Comments)