പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിലെ വീട്ടില്‍നിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ വാരാമ്പറ്റ സ്വദേശി ഐക്കാരന്‍ വീട്ടില്‍ സുബൈര്‍ എ.കെ (36) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി കൊപ്പര വീട്ടില്‍ ഷിയാസ് മുസ്തഫ (27) യെയും അറസ്റ്റ് ചെയ്തു.
2026 ഒക്ടോബര്‍ 15നായിരുന്നു പടിഞ്ഞാറത്തറയിലെ ഒരു വീട്ടില്‍നിന്ന് ലഹരിമരുന്നുകള്‍ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലുള്ള ഒരു കോര്‍ട്ടേഴ്‌സില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുബൈറിനെ കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ് എന്നിവരടങ്ങിയ അന്വേഷണസംഘം സാഹസികമായി പിടികൂടിയത്. മുടിയും താടിയും മറ്റും നീക്കം ചെയ്ത് രൂപമാറ്റം വരുത്തിയായിരുന്നു സുബൈര്‍ ഒളിവില്‍ കഴിഞ്ഞത്. എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുബൈറിനെ എക്‌സൈസിലെ ദീര്‍ഘദൂര ഓട്ടക്കാരനായ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷാഫി.ഒ പിന്തുടര്‍ന്ന് ഓടിപ്പിടികൂടുകയായിരുന്നു.
സുബൈറും, ഷിയാസും നേരത്തെയും മയക്കുമരുന്ന് കേസുകളില്‍ പ്രതികളായിട്ടുണ്ട്.
സുബൈര്‍ എ.കെ മാനന്തവാടി എക്‌സൈസ് 5.184 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടിയ കേസിലെ പ്രതിയാണ്. ഷിയാസ് മുസ്ഥഫയെ സുല്‍ത്താന്‍ ബത്തേരി പോലീസ് 8.25 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും പ്രതിചേര്‍ത്തിട്ടുണ്ട്.
തുടര്‍ന്ന് ഇരുവരെയും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി. കോടതി പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍ പി.എന്‍, ജോണ്‍ ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത എം എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)