കല്‍പ്പറ്റ: ഡെക്കാന്‍ പീഠഭൂമിയോട് ചേര്‍ന്നുകിടക്കുന്ന മഴനിഴല്‍ പ്രദേശമായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ വരാനിരിക്കുന്ന വേനല്‍ക്കാലത്തും എല്‍നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിലും ഉണ്ടായേക്കാവുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പ്രസിഡന്റ് ഡോ.സുരേഷ് അമ്പാട്ട് ജലവിഭവ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കി.
കബനി കുടിവെള്ള പദ്ധതിയിലെ വിതരണം തടസ്സപ്പെടുമ്പോള്‍ ഇടമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലാകുകയാണ്. ഇതിനൊരു പ്രായോഗിക പരിഹാരമെന്ന നിലയില്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ ആം ആദ്മി പാര്‍ട്ടി വാര്‍ഡ് മെമ്പര്‍ സിനി ആന്റണിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ ജനകീയ ചെക്ക് ഡാം നിര്‍മ്മിച്ച് ഭൂഗര്‍ഭജല സംരക്ഷണത്തിന് തുടക്കമിട്ടിട്ടുണ്ട്.'ജനകീയ കൂട്ടായ്മയിലൂടെയുള്ള ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്കൊപ്പം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ദീര്‍ഘകാല പദ്ധതികളും അനിവാര്യമാണെന്നും ആം ആദ്മി പാര്‍ട്ടി.
മഴനിഴല്‍ പ്രദേശമായ ഇവിടെ എല്‍നിനോ പ്രതിഭാസം കൂടി ബാധിച്ചാല്‍ സ്ഥിതി അതീവ ഗുരുതരമാകും. കബനി നദിയിലും കൈവഴികളിലും സ്ഥിരം ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാനും, മുടങ്ങിക്കിടക്കുന്ന കടമാന്‍തോട് പദ്ധതിയും ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാനും സര്‍ക്കാര്‍ തയ്യാറാകണം,' ജില്ലാ പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.
പൊതുകിണറുകളുടെ സംരക്ഷണത്തിനും ഭൂഗര്‍ഭജല റീചാര്‍ജിംഗിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും, അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആം ആദ്മി പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.
അഭിപ്രായങ്ങൾ (Comments)