കല്‍പ്പറ്റ: ഫേസ്ബുക്കിലൂടെ വ്യാജമായി സ്ത്രീയുടെ പ്രൊഫൈല്‍ നിര്‍മ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരില്‍ വയനാട് സ്വദേശിയില്‍ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശി പിടിയിലായി. മേപ്പയൂര്‍ ആവള, മണമ്മല്‍ വീട്ടില്‍ ലത്തീഫിനെ (45) യാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്.2025 നവംബര്‍ 12നാണ് തട്ടിപ്പിന് തുടക്കമായത്. 'സഫ്‌ന' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജില്‍ ഒരു കുട്ടിയുടെ ചികിത്സാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ട പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിള്‍ പേ വഴി നല്‍കിയിരുന്നു. വിദേശത്ത് സിവില്‍ എഞ്ചിനീയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ 'സഫ്‌ന', നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാന്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് സഫ്‌ന എന്ന വ്യാജ പേരിലും, ലത്തീഫ് എന്ന സ്വന്തം പേരിലും വ്യത്യസ്ത നമ്പറുകളില്‍ നിന്നും പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം സ്ഥാപിച്ചു. സഫ്‌ന എന്ന സ്ത്രീ യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതി, ഇരുവരുടെയും ചികിത്സാ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി ഗൂഗിള്‍ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 15,07,850 രൂപ കൈക്കലാക്കുകയായിരുന്നു. വീണ്ടും 50,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരന്‍ പണം തിരികെ ചോദിച്ചതില്‍ പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് 2026 സെപ്റ്റംബര്‍ 19ന് പരാതി പ്രകാരം കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍ 'സഫ്‌ന' എന്ന വ്യാജ പ്രൊഫൈലും ലത്തീഫിന്റെ അക്കൗണ്ടും ഒരേ മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സിം കാര്‍ഡുകള്‍ ലത്തീഫിന്റെ പേരിലുള്ളതാണെന്നും പോലീസ് കണ്ടെത്തി. നവംബര്‍ 14ന് ആവളയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ സമാനമായ തട്ടിപ്പ് കേസുകളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുണ്ട്. 2023ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 'നദീറഷാന്‍' എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി ക്യാന്‍സര്‍ ചികിത്സയ്‌ക്കെന്ന പേരില്‍ 21.72 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ റിമാന്‍ഡിലാവുകയും ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയുമായിരുന്നു. കൂടാതെ മേപ്പയൂര്‍ പോലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ മറ്റ് കേസുകള്‍ നിലവിലുണ്ട്.
കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എം. രമേശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എച്ച്. നാസര്‍, കെ. അഫ്‌സ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
അഭിപ്രായങ്ങൾ (Comments)