സു.ബത്തേരി

പൊതുമരാമത്ത് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പൊതുമരാമത്ത് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

ബത്തേരി: ബത്തേരി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടന്നുവരുന്ന പ്രധാന റോഡ്, പാലം, സ്‌റ്റേഡിയം വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തിയ യോഗം, പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.പരിക്കല്ലൂര്‍  പുല്‍പ്പള്ളി  സുല്‍ത്താന്‍ ബത്തേരി റോഡ് നവീകരണ പ്രവര്‍ത്തിയുടെ പുരോഗതിയാണ് ആദ്യം വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് കരാറുകാരനുമായി യോഗം നേരിട്ട് ബന്ധപ്പെട്ടു. വരുന്ന തിങ്കളാഴ്ചയായ 23.11.2026ന് പ്രവൃത്തി ആരംഭിക്കുമെന്ന് കരാറുകാരന്‍ യോഗത്തെ അറിയിച്ചു. നിശ്ചയിച്ച സമയത്ത് പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ (Risk and Cost) കരാര്‍ റദ്ദാക്കുന്നതിനുള്ള ശുപാര്‍ശ നല്‍കാനും യോഗം തീരുമാനിച്ചു.
 
തുടര്‍ന്ന് കാക്കവയല്‍  കൊളവയല്‍  കാരമ്പാടി  കേണിച്ചിറ  എരിയപ്പള്ളി റോഡിന്റെ പുരോഗതി വിലയിരുത്തി. നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള പുതുക്കിയ എസ്റ്റിമേറ്റിന് (Revised Estimate) അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് റോഡ് പ്രവൃത്തി ആരംഭിക്കാമെന്ന് കെ.ആര്‍.എഫ്.ബി അറിയിച്ചു.
 
റോഡ് വികസനവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ നവംബര്‍ 25ന് ശേഷം മാറ്റിത്തുടങ്ങുമെന്ന് കെ.എസ്.ഇ.ബി യോഗത്തെ അറിയിച്ചു. ഡിസംബര്‍ 10നകം പോസ്റ്റുകള്‍ മാറ്റുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നും വ്യക്തമാക്കി. പോസ്റ്റുകള്‍ മാറ്റുന്ന മുറയ്ക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കാമെന്ന് വാട്ടര്‍ അതോറിറ്റിയും അറിയിച്ചു. ഡിസംബര്‍ 27ന് പൈപ്പ് ലൈന്‍ പ്രവൃത്തി ആരംഭിച്ച് 15 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വാട്ടര്‍ അതോറിറ്റി യോഗത്തില്‍ അറിയിച്ചു.
 
കൂടാതെ, കാക്കവയല്‍  കൊളവയല്‍  കേണിച്ചിറ  എരിയപ്പള്ളി റോഡില്‍ നിലവിലെ പദ്ധതിയില്‍ ഉള്‍പ്പെടാതെ ഒഴിവാക്കപ്പെട്ട ഭാഗത്തെ റോഡ് നവീകരണവും പാലം നിര്‍മ്മാണവും പ്രത്യേകം രണ്ട് പദ്ധതികളായി പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ ധാരണയായി. നിലവില്‍ കെ.ആര്‍.എഫ്.ബി നടപ്പിലാക്കുന്ന റോഡ് പ്രവൃത്തിയുടെ അതേ നിലവാരത്തിലും സാങ്കേതിക മാനദണ്ഡങ്ങളിലും ഒഴിവാക്കപ്പെട്ട ഭാഗത്തെ റോഡ് പ്രവൃത്തിയും നടപ്പിലാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
 
ഇതിനുപുറമെ, തുമ്പക്കുനി, പാലക്കുറ്റി തുടങ്ങിയ പാലങ്ങളുടെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗം നിര്‍ദേശിച്ചു. മീനങ്ങാടി ശ്രീകണ്ഠ ഗൗഡര്‍ സ്‌റ്റേഡിയം, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ നിരപ്പത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
 
റോഡ്, പാലം, കായിക അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ കാലതാമസം ഒഴിവാക്കി ജനങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കി വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുമാണ് യോഗം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
 
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ദിലീപ് കുമാര്‍, പ്രസന്ന ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സാബു, എന്‍.കെ. ബാലകൃഷ്ണന്‍, വര്‍ഗീസ് മുരുകന്‍ കാവില്‍ എന്നിവര്‍ പങ്കെടുത്തു.
യോഗത്തില്‍  ബൈജു പി.ബി.  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്‌സ്പ്രജിത പി.എസ്.  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്‌സ് സതീഷ്  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി റോഡ്‌സ് നിത കെ.ബി.  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി ബ്രിഡ്ജസ്
ജിതിന്‍ എ.എന്‍.  അസിസ്റ്റന്റ് എഞ്ചിനീയര്‍, കെ.ആര്‍.എഫ്.ബി നിഖില  അസിസ്റ്റന്റ് എഞ്ചിനീയര്‍, കെ.ആര്‍.എഫ്.ബിജിതേഷ് ടി.കെ.  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കേരള വാട്ടര്‍ അതോറിറ്റിശ്രീജിന ഗോവിന്ദ്  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ എന്നി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ