മീനങ്ങാടി: കുട്ടികള്‍ക്ക് സുരക്ഷിതവും സന്തോഷകരവും വിവേചനരഹിതവുമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാമൂഹിക സമീപനം വളര്‍ത്തിയെടുക്കുന്നതിനുമായി ദേശീയതലത്തില്‍ ബാലസുരക്ഷാ കലക്ടീവിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'സുരക്ഷിത ബാല്യം - വികസിത ഭാരതം' പദ്ധതിയുടെ ഭാഗമായി വയനാട്ടില്‍ പ്രാദേശിക ജനകീയ വിവരശേഖരണത്തിന് തുടക്കമായി.
കുട്ടികളുടെ സംരക്ഷണം കേവലം സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും കുടുംബം, വിദ്യാലയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതുസമൂഹം എന്നിവയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നുമുള്ള കാഴ്ചപ്പാടിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികള്‍ അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും അവഗണനയ്ക്കും വിവേചനത്തിനും ഇരയാകാനിടയുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും അവ സംഭവിക്കുന്നത് തടയുന്നതിനുള്ള ശക്തമായ ജനകീയ പ്രതിരോധ ശൃംഖല രൂപീകരിക്കുകയും ചെയ്യുന്നതിനാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. സംഭവങ്ങള്ക്കുശേഷമുള്ള പ്രതികരണത്തേക്കാള്‍ അവ തടയുന്നതിനുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ജാഗ്രതയ്ക്കുമാണ് പദ്ധതിയുടെ ഊന്നല്‍.
പദ്ധതിയുടെ ആദ്യഘട്ട വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ ശിശുദിനമായ നവംബര്‍ 14ന് ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ, നഗര പ്രദേശങ്ങളില്‍ കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ച് കുട്ടികള്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍, സാമൂഹിക വെല്ലുവിളികള്‍, വിവേചനങ്ങള്‍, നിലവിലുള്ള സംരക്ഷണ സംവിധാനങ്ങളിലെ പരിമിതികള്‍ എന്നിവ തിരിച്ചറിയുകയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം. ഇതിനായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന 'ക്ലൗഡ് എക്സര്‍സൈസ്' എന്ന ബാലസൗഹൃദപരവും നൂതനവുമായ പങ്കാളിത്ത രീതിയാണ് അവലംബിക്കുന്നത്.
വയനാട് ജില്ലയില്‍ ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്ട്ടര്നേറ്റീവ്സ്ജ്വാല, ബാലസുരക്ഷാ കലക്ടീവ് വയനാട് കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ജനകീയ വിവരശേഖരണത്തിലൂടെ ലഭിക്കുന്ന കണ്ടെത്തലുകള്‍ ക്രോഡീകരിച്ച് കുട്ടികളുടെ സുരക്ഷയും അവകാശസംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള ജനകീയ അജണ്ട തയ്യാറാക്കും. ഈ അജണ്ട ജനുവരി 26 ന് നടക്കുന്ന ഗ്രാമസഭകളില്‍ അവതരിപ്പിച്ച് കുട്ടികളുടെ സുരക്ഷയും ക്ഷേമവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിലും മുന്‍ഗണനകളിലും ഉള്‍പ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ നടത്തും.
കുട്ടികളുടെ സംരക്ഷണ മേഖലയില്‍ മുന്‍കാലങ്ങളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ അനുഭവവും പ്രവര്‍ത്തനപരിചയവുമുള്ള സന്നദ്ധ സംഘടനകളെയാണ് ദേശീയതലത്തില്‍ അതത് ജില്ലകളിലെ പദ്ധതിയുടെ നിര്‍വഹണ പങ്കാളികളായി തിരഞ്ഞെടുത്തിട്ടുള്ളത്.
അഭിപ്രായങ്ങൾ (Comments)