പനമരം: എല്ലാ കാലത്തെയും തിന്മകളെ ഇല്ലാതാക്കാനും നന്മ സ്ഥാപിക്കാനുമായി വന്ന പ്രവാചകന്മാരുടെ ദൗത്യമാണ് ജമാഅത്തെ ഇസ്ലാമി പുതുകാലത്തു നിര്‍വഹിക്കുന്നതെന്നു സംസ്ഥാന അസി. അമീര്‍ എം.കെ മുഹമ്മദലി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മാനന്തവാടി ഏരിയ സമ്മേളനം പനമരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളും നേരിട്ട് അനുഭവിച്ചറിയുന്ന ഇസ്ലാമിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അനീതി അനുഭവിക്കുന്ന സകല മനുഷ്യരുടെയും പോരാട്ടങ്ങള്‍ക്കൊപ്പം ഈ സംഘടനയുണ്ട്. അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാ ന്‍ പ്രയത്‌നിക്കുന്നു. ജനസേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുന്നു. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കു എല്ലാ മനുഷ്യരെയും നയിക്കുന്ന ജീവിത വ്യവസ്ഥയാണ് ഇസ്ലാം. അതു തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെയും ലക്ഷ്യം. സമകാലിക സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന സംഘടനായാണ് ജമാഅത്തെ ഇസ്ലാമി. എന്നാല്‍ അടുത്തറിയുന്ന എല്ലാവരും അതിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഖിക്കുകയാണ്. ആശയപരമായി യോജിപ്പില്ലാത്തവര്‍ക്കുപോലും ഈ സംഘടനയില്‍ ഒരിടമുണ്ട്. നന്മയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാ പ്രസിഡന്റ് ജാബിര്‍ മാസ്റ്റര്‍ കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. 'സുഗന്ധമുള്ള ജീവിതം' വിഷയം കോഴിക്കോട് സിറ്റി പ്രസിഡന്റ് ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ച ജില്ലാ സമിതി അംഗം പി. നുഹ്മാന്‍ നിയന്ത്രിച്ചു. ജില്ല പ്രസിഡന്റ് ടി.പി യൂനുസ് സമാപനം നിര്‍വ്വഹിച്ചു. വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് ഒ.വി സഈദ ടീച്ചര്‍, ജില്ലാ സെക്രട്ടറി ജലീല്‍ കണിയാമ്പറ്റ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ശര്‍ഫീന, സോളിഡാരിറ്റി ജില്ലാ സമിതിയംഗം ആര്‍.വി ശുഐബ് മുഹമ്മദ്, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ആയിഷ ഹന്ന, എസ്.ഐ.ഒ ഏരിയ സമിതി അംഗം ആര്‍.വി മുഹമ്മദ് ഷക്കീബ് എന്നിവര്‍ പങ്കെടുത്തു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ നാസര്‍ പി. സ്വാഗതവും ഏരിയാ സെക്രട്ടറി വി. ഉസ്മാന്‍ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)