മാനന്തവാടി

തലക്കര ചന്തുവിന്റെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം: സി.കെ. പത്മനാഭന്‍

തലക്കര ചന്തുവിന്റെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം: സി.കെ. പത്മനാഭന്‍

പനമരം: ബ്രിട്ടീഷ് പടയുടെ കടന്നുകയറ്റത്തിനെതിരെ വയനാടന്‍ കാടുകളില്‍ പോരാട്ടം നയിച്ച ഗോത്രവര്‍ഗ പോരാളി തലക്കര ചന്തുവിന്റെ ജീവിതം വരുംതലമുറകള്‍ക്ക് പ്രചോദനമാകുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി.കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു.പനമരത്ത് നടന്ന തലക്കര ചന്തുവിന്റെ 221-ാം വീരമൃത്യുദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര പോരാളിയായ തലക്കര ചന്തുവിന് ഉചിതമായ സ്മാരകം ഒരുക്കാനോ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാനോ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കാത്തത് ആദിവാസി ഗോത്രസമര പോരാളിയോടുള്ള അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ലെന്നും വരുംതലമുറകള്‍ക്ക് അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഓര്‍മിക്കാനായി പനമരത്ത് സ്മാരകമോ പ്രതിമയോ നിര്‍മിക്കാന്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1805 നവംബര്‍ 15നാണ് പനമരത്തെ ബ്രിട്ടീഷ് സൈനിക ക്യാമ്പ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ തലക്കര ചന്തുവിനെ പിടികൂടി പനമരം സ്‌കൂളിന് പിന്നിലുള്ള കോളിമരച്ചുവട്ടില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായ പരിപാടികളോടെയാണ് വീരമൃത്യുദിനം ആചരിച്ചത്. ചന്തുവിന്റെ തറവാടായ തൊണ്ടര്‍നാട് പഞ്ചായത്തിലെ കാര്‍ക്കോട്ടില്‍നിന്ന് ആരംഭിച്ച ബൈക്ക് റാലി പനമരത്ത് സമാപിച്ചു.

ചടങ്ങില്‍ പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ അധ്യക്ഷത വഹിച്ചു. പള്ളിയറ രാമന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, വയനാട് ജില്ലാ പ്രഭാരി ഹരിദാസ്, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, സദാനന്ദന്‍, പട്ടികവര്‍ഗ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കേളു അത്തിക്കല്ലി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വില്‍ഫ്രഡ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ