മാനന്തവാടി: പാസഞ്ചര്‍ പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ ഉപയോഗിച്ച് വന്‍തോതില്‍ ചരക്കുകള്‍ കടത്തുന്നത് അവസാനിപ്പിക്കണമെന്ന് സംയുക്ത ഗുഡ്സ് തൊഴിലാളി യൂണിയന് മാനന്തവാടി യൂണിറ്റ് ആവശ്യപ്പെട്ടു. ഇത്തരം നിയമവിരുദ്ധ ചരക്ക് നീക്കം മൂലം ഗുഡ്സ് വാഹനങ്ങള്‍ക്ക് ലഭിക്കേണ്ട ഓട്ടങ്ങളും വരുമാനവും പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് യൂണിയന് ചൂണ്ടിക്കാട്ടി.യാത്രക്കാരെ കൊണ്ടുപോകുന്നതിനായി പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷകള്‍ ചരക്കുനീക്കത്തിനായി വ്യാപകമായി ഉപയോഗിക്കുന്നത് ഗുഡ്സ് വാഹന ഉടമകളെയും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുകയാണ്. നിയമാനുസൃതമായി സര്‍വീസ് നടത്തുന്ന ഗുഡ്സ് വാഹനങ്ങള്‍ക്ക് ലഭിക്കേണ്ട ചരക്ക് ഓട്ടങ്ങള്‍ ഇത്തരം വാഹനങ്ങള്‍ ഏറ്റെടുക്കുന്നതോടെ ഗുഡ്സ് മേഖലയിലെ തൊഴിലാളികളുടെ തൊഴിലും വരുമാനവും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും അടിയന്തരമായി ഇടപെട്ട് നിയമവിരുദ്ധ ചരക്ക് നീക്കത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂണിയന് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പരിശോധനാ സ്ക്വാഡുകള്‍ രൂപീകരിച്ച് നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ പരിശോധനയും നിരീക്ഷണവും ഉറപ്പാക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടു.
ഗുഡ്സ് വാഹന മേഖലയിലെ തൊഴില്‍ അന്തരീക്ഷം സംരക്ഷിക്കുന്നതിനും നിയമാനുസൃതമായി തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ഉപജീവനമാര്‍ഗം നിലനിര്‍ത്തുന്നതിനും അധികൃതരുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണ്. പ്രശ്നപരിഹാരത്തിനായി ലോഡിംഗ് തൊഴിലാളികളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും യൂണിയന് വ്യക്തമാക്കി.
അഭിപ്രായങ്ങൾ (Comments)