മാനന്തവാടി

തരിയോട് ഗ്രാമ പഞ്ചായത്തില്‍ പച്ചക്കറി കൃഷിക്ക് പുത്തന്‍ ഉണര്‍വ്

തരിയോട് ഗ്രാമ പഞ്ചായത്തില്‍ പച്ചക്കറി കൃഷിക്ക് പുത്തന്‍ ഉണര്‍വ്

തരിയോട്: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികമായി പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമായി തരിയോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ തൈ വിതരണം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 10,585 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. അഞ്ച് ഇനം പച്ചക്കറി തൈകളാണ് പദ്ധതിയുടെ ഭാഗമായി എത്തിച്ചത്. മൂന്ന് മാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന ഇനങ്ങളാണ് കൃഷിക്കായി ലഭ്യമാക്കിയിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും ലഭ്യമാക്കിയ തൈകള്‍ കുടുംബശ്രീയുടെ കീഴില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കാണ് കൈമാറിയത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളെയും ഉള്‍പ്പെടുത്തിയുള്ള വിതരണത്തിലൂടെ കൂടുതല്‍ കുടുംബങ്ങളെ പച്ചക്കറി കൃഷിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.


വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തം നിലയില്‍ ഉത്പാദിപ്പിക്കാന്‍ കുടുംബങ്ങളെ പ്രാപ്തരാക്കുന്നതിനൊപ്പം വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. കൃഷിയോടുള്ള താത്പര്യം വര്‍ധിപ്പിക്കുക, കൃഷിയിടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുക, കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂട്ടായ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ വരുമാന സാധ്യതകള്‍ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും കുടുംബശ്രീയുടെ ജെ.എല്‍.ജി ഗ്രൂപ്പുകളെ കൂടുതല്‍ സജീവമാക്കുന്നതിലും തൈ വിതരണം പ്രാധാന്യമര്‍ഹിക്കുന്നു. വാര്‍ഡ് തലത്തില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ തരിയോട് പഞ്ചായത്തില്‍ പച്ചക്കറി കൃഷി കൂടുതല്‍ വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ