അമ്പലവയല്‍: എടക്കലിലെ ലോഡ്ജില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടി. 104.22 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുപേരെയാണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എടക്കല്‍ ഹോളിഡേ ഹോംസ് ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.ലോഡ്ജ് നടത്തിപ്പുകാരനായ പാലക്കാട് മംഗലം അഞ്ചുമൂര്‍ത്തി സ്വദേശി പൂക്കാടി വീട്ടില്‍ യു.ബി. അക്ബര്‍ (50), കമ്പളക്കാട് വാരിത്തോട്ടില്‍ വീട്ടില്‍ വി.എം. മുഹമ്മദ് റിഷാദ് (33), പടിഞ്ഞാറത്തറ വാരാമ്പറ്റ കൊല്ലരുതൊടിയില്‍ കെ.ടി. മുംതാസ് (20) എന്നിവരെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പളക്കാട് വാരിത്തോട്ടില്‍ വീട്ടില്‍ വി.എം. മുഹമ്മദ് ഷഫീഖ് (34), മുട്ടില്‍ മടക്കിമല പോക്കാട്ടി വീട്ടില്‍ പി.എസ്. വിവേക് (34) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ലോഡ്ജില്‍ മാരക ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ലോഡ്ജിന്റെ മുകള്‍നിലയിലെ മുറി പരിശോധിക്കാന്‍ പോലീസ് എത്തിയപ്പോള്‍ നടത്തിപ്പുകാരനായ അക്ബര്‍ തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇയാളെ മാറ്റി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മുഹമ്മദ് റിഷാദിനെയും മുംതാസിനെയും കണ്ടെത്തിയത്.
തുടര്‍ന്ന് മുറിയിലെ ഡ്രസ്സിംഗ് ടേബിളിന്റെ ഡ്രോയില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 104.22 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ചെറിയ അളവുകളിലാക്കി വില്‍പ്പന നടത്താന്‍ ഉപയോഗിക്കുന്ന 74 സിപ്പ് ലോക്ക് കവറുകളും പ്രതികളുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
മൈസൂരില്‍ നിന്നാണ് മുഹമ്മദ് ഷഫീഖും വിവേകും ചേര്‍ന്ന് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ലോഡ്ജില്‍ നിന്ന് മൂന്നുപേരെ പിടികൂടിയതിന് പിന്നാലെ കമ്പളക്കാട് വെച്ച് ഇന്നലെ രാത്രിയോടെയാണ് മറ്റ് രണ്ടുപേരെയും പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതികള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റ് കണ്ണികള്‍ എന്നിവ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഡി.വൈ.എസ്.പി എം.എം. അബ്ദുള്‍ കരീമിന്റെ നിര്‍ദേശപ്രകാരം അമ്പലവയല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണിയുടെ മേല്‍നോട്ടത്തില്‍ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ജെസ്വിന്‍ ജോയ്, എസ്.ഐ എന്‍.വി. ഹരീഷ് കുമാര്‍, എ.എസ്.ഐ സനല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനു ജോസ്, അര്‍ജുന്‍, അയോണ വര്‍ഗീസ് എന്നിവരടങ്ങിയ പോലീസ് സംഘവും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ടമഷമ്യമി ലെി േ5 ുവീീേെ
അഭിപ്രായങ്ങൾ (Comments)