കല്‍പ്പറ്റ: കാനനമധ്യത്തിലെ ഉന്നതികളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ആദ്യമായി കടല്‍ക്കാഴ്ചകളും ട്രെയിന്‍ യാത്രയും സമ്മാനിച്ച് വയനാട് ജനമൈത്രി പോലീസ്. ചെട്ട്യാലത്തൂര്‍ ഗവ. എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്കായി കോഴിക്കോട് സംഘടിപ്പിച്ച ഏകദിന ഉല്ലാസയാത്ര കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി.
ആദ്യമായി പോലീസ് വാഹനത്തില്‍ യാത്ര, ചുരത്തിലെ മനോഹര കാഴ്ചകള്‍, ട്രെയിനിലെ കൗതുകയാത്ര, കടല്‍ക്കാറ്റേറ്റ് ബേപ്പൂര്‍ ബീച്ചിലെ ഉല്ലാസം, പ്ലാനിറ്റോറിയത്തിലെ വിസ്മയക്കാഴ്ചകള്‍... അങ്ങനെ ഒരു ദിനം മുഴുവന്‍ ആഘോഷമാക്കുകയായിരുന്നു കുട്ടികള്‍. പോലീസുകാര്‍ക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും യാത്രയിലുടനീളം കുട്ടികള്‍ ആര്‍ത്തുല്ലസിച്ചു.
പുറംലോകത്തെ കാഴ്ചകള്‍ പരിചയപ്പെടുന്നതിനൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി ഇടപഴകാനും കുട്ടികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരും പോലീസിനൊപ്പം യാത്രയില്‍ പങ്കുചേര്‍ന്നു.
രാവിലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അമ്പലവയല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു ആന്റണി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ കുട്ടികള്‍ക്ക് റെയില്‍വേ പോലീസ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഡാനി സ്‌റ്റേഷനിലെ പ്രവര്‍ത്തനങ്ങളും കാഴ്ചകളും പരിചയപ്പെടുത്തി. ട്രെയിന്‍ യാത്രയ്ക്കിടെ ലോക്കോ പൈലറ്റ് സുബിന്‍ ജോസഫ് കുട്ടികളുമായി വിശേഷങ്ങള്‍ പങ്കുവെക്കുകയും മധുര പലഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
ബിരിയാണി ഉള്‍പ്പെടെയുള്ള ഇഷ്ടഭക്ഷണങ്ങള്‍ ആസ്വദിച്ച കുട്ടികള്‍ ബേപ്പൂര്‍ ബീച്ചിലെ കടല്‍ക്കാഴ്ചകളിലും മതിമറന്നു. തുടര്‍ന്ന് കോഴിക്കോട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയ കുട്ടികളെ പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. അഡീഷണല്‍ എസ്.പി കുട്ടികളുമായി സംവദിക്കുകയും പോലീസ് മ്യൂസിയം സന്ദര്‍ശിക്കുകയും മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്തു. പ്ലാനിറ്റോറിയത്തിലെ കാഴ്ചകളും 3ഉ തിയേറ്ററിലെ വിസ്മയാനുഭവങ്ങളും ആസ്വദിച്ച ശേഷമാണ് കുട്ടികള്‍ മടങ്ങിയത്.
പോലീസിന്റെ കരുതലും സ്‌നേഹവും ചേര്‍ന്ന ഈ യാത്ര കുട്ടികള്‍ക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളും മാത്രമല്ല, ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാവുന്ന മനോഹരമായ ഓര്‍മ്മകളും സമ്മാനിച്ചു.
ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എന്‍.കെ ദാമോദരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.കമറുദ്ധീന്‍, ബി.പ്രശാന്ത്, ശ്രീജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിയാദ് സല്‍മാന്‍, സി.എം ആതിര, സ്‌കൂള്‍ പ്രധാന അധ്യാപകനായ പി.ബിജു, അധ്യാപകരായ മിഥുല ജോണി, ജെയിന്‍ ബേബി, പിടിഎ പ്രസിഡണ്ട് സുരേഷ്, സ്‌കൂള്‍ ജീവനക്കാരായ ജിസ്റ്റി കെ. ജോര്‍ജ്, ഗീത എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)