മാനന്തവാടി

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടര്‍ സ്ഥാപിച്ചു

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടര്‍ സ്ഥാപിച്ചു

എടവക: എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ മഴ കുറഞ്ഞതോടെ കൃഷിയിടങ്ങളിലും ജലസംഭരണികളിലും ജലനിരപ്പ് താഴുന്നത് ആശങ്കയാകുന്നു. ഈ സാഹചര്യത്തില്‍ ഒഴുകിപ്പോകുന്ന ജലം സംരക്ഷിക്കുന്നതിന്റെ ഭാഗമായി എടവകയിലെ അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടര്‍ സ്ഥാപിച്ചു.ഗ്രാമപഞ്ചായത്ത്, എടവക കൃഷിഭവന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, പൊതുജനങ്ങള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തടയണകളിലും ചെക്ക് ഡാമുകളിലും അറ്റകുറ്റപ്പണികള്‍ നടത്തി. ഉപയോഗശൂന്യമായിരുന്ന ഷട്ടറുകള്‍ നന്നാക്കുകയും മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പുതിയ ഷട്ടറുകള്‍ ശേഖരിച്ച് തടയണകളില്‍ സ്ഥാപിക്കുകയും ചെയ്തു.

പഞ്ചായത്തില്‍ ഏകദേശം 16 കിലോമീറ്ററോളം പുഴ അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും മഴ കുറഞ്ഞതോടെ നെല്‍കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം കുറയുകയും കിണറുകളിലെ ജലലഭ്യത താഴുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെക്ക് ഡാമുകളിലും തടയണകളിലും ജലം സംഭരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍, കൃഷി ഓഫീസര്‍ കെ.ജി. സുനില്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ രാമകൃഷ്ണന്‍, ഓവര്‍സിയര്‍മാരായ ഷിജു, അനൂപ്, പാടശേഖരസമിതി ഭാരവാഹികളായ വിനോദ് കാക്കഞ്ചേരി, ജെയിംസ്, വര്‍ഗീസ്, ജലനിധി ഭാരവാഹികള്‍, പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍ രാജഗിരി, എള്ളുമന്ദം പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എടവക ഗ്രാമപഞ്ചായത്തിലെ മറ്റു തടയണകള്‍ കൂടി ജലസംഭരണികളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജലസേചന വകുപ്പ്, കൃഷിവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ