കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഗ്രാമീണ മേഖലകളിലെ ശിശുസംരക്ഷണം, പ്രാരംഭ വിദ്യാഭ്യാസം, പോഷകാഹാര സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സജ്ജമാക്കിയ എടവക, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലെ കമ്മന, തൃശ്ശിലേരി സ്മാര്‍ട്ട് അങ്കണവാടികള്‍ എം.പി പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു. കമ്മന അങ്കണവാടി ഉദ്ഘാടനത്തിനെത്തിയ എം.പി കുട്ടികള്‍ക്കായി കയ്യില്‍ കരുതിയ ബില്‍ഡിങ് സെറ്റ്, ജെ.സി.ബി, കിച്ചണ്‍ സെറ്റ് തുടങ്ങിയ കളിപ്പാട്ടങ്ങള്‍ കുരുന്നുകള്‍ക്കായി നല്‍കി. ഒരു പാട്ട് പാടാമോ എന്ന എം.പിയുടെ ചോദ്യത്തിന് മറുപടിയായി പിഞ്ചോമനകള്‍ കൂട്ടമായി പാട്ടുപാടി. അങ്കണവാടിയിലെ 15 കുട്ടികളുമായി സംവദിച്ച ശേഷമായിരുന്നു എം.പി മടങ്ങിയത്. കുട്ടികള്‍ക്ക് സുരക്ഷിതവും സൗഹൃദപരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ എന്നിവരുടെ ആരോഗ്യം പോഷകാഹാരവും ഉറപ്പാക്കുകയാണ് സ്മാര്‍ട്ട് അങ്കണവാടികളിലൂടെ. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, പോഷകാഹാര വിതരണം, ആരോഗ്യപോഷകാഹാര ബോധവത്കരണം, കുട്ടികളുടെ വളര്‍ച്ചാ നിരീക്ഷണം തുടങ്ങിയ ഐ.സി.ഡി.എസ് സേവനങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളോടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
അങ്കണവാടികളെ കുട്ടികളുടെ ആദ്യ പഠനകേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപോഷക നിലവാരം മെച്ചപ്പെടുത്തി കുടുംബങ്ങളെ വിവിധ സര്‍ക്കാര്‍ ക്ഷേമസേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ സ്മാര്‍ട്ട് അങ്കണവാടികള്‍ സഹായകമാകും. ഗ്രാമീണ മേഖലയിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ കരുത്തേകാനും കേന്ദ്രങ്ങള്‍ക്ക് സാധിക്കും.എം.എല്‍.എ ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍, വൈസ് പ്രസിഡന്റ് മുഷ്തഫ തായുള്ളത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം ജില്‍സണ്‍ തൂപ്പുംകര, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വിനോദ് തോട്ടത്തില്‍, വാര്‍ഡ് അംഗം ദീപ ദേവി, സി.ഡി.പി.ഒ കെ അഞ്ജു കൃഷ്ണ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഒ.എ ഉദയ, അങ്കണവാടി ജീവനക്കാരായ ജെന്‍സി ബിനോയ്, അനിത എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)