കല്‍പ്പറ്റ: ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യത്വത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ മാതൃക ഉയര്‍ത്തിപ്പിടിച്ച ചിത്രഗിരി വടുവന്‍ചാലിലെ കാപ്പന്‍ റസാഖിന്റെ വീട് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദിഖ് സന്ദര്‍ശിച്ചു. മക്കളോ, ബന്ധുക്കളോ ഇല്ലാതിരുന്ന 85കാരി കല്യാണിയമ്മയെ സ്വന്തം പെറ്റമ്മയെപ്പോലെ അരനൂറ്റാണ്ടോളം പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്ത റസാഖും ഭാര്യ റുഖിയയും സഹോദരന്‍ സുലൈമാനും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ സ്‌നേഹവും കരുതലും നേരിട്ടറിയുന്നതിനും ആദരമര്‍പ്പിക്കുന്നതിനുമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.കല്യാണിയമ്മയുടെ മരണശേഷം മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം അയല്‍വാസികളായ റസാഖും സഹോദരന്‍ സുലൈമാനും ചേര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് വലിയ മാനവിക സന്ദേശമായി കേരളം ഏറ്റെടുത്തിരുന്നു. ഈ കുടുംബം കല്യാണിയമ്മയ്ക്ക് നല്‍കിയ സ്‌നേഹവും പരിചരണവും സമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി നേരത്തെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച വടുവന്‍ചാലിലെ വീട്ടിലെത്തി കുടുംബത്തെ നേരില്‍ക്കണ്ട് സംസാരിച്ച മന്ത്രി അവരുടെ നിസ്വാര്‍ഥമായ സ്‌നേഹത്തിനും കരുതലിനും ആദരമര്‍പ്പിച്ചു. മനുഷ്യസ്‌നേഹത്തിന് ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലെന്നും ഇത്തരം ജീവിതങ്ങള്‍ കേരളത്തിന്റെ മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും യഥാര്‍ത്ഥ അടയാളങ്ങളാണെന്നും മന്ത്രി പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)