മാനന്തവാടി: കൊല്ലം ആശ്രാമം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന എക്‌സൈസ് മീറ്റ് ഗെയിംസിലെ ക്രിക്കറ്റ് മത്സരത്തില്‍ വയനാട് ടീം ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ ആതിഥേയരായ കൊല്ലത്തെ ആറു വിക്കറ്റിനാണ് വയനാട് പരാജയപ്പെടുത്തിയത്.ആദ്യം ബാറ്റ് ചെയ്ത കൊല്ലം ടീം 12 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വയനാട് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ എം.ബി. ഷഫീഖിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് വയനാടിന് കിരീടം സമ്മാനിച്ചത്. 33 പന്തില്‍ 65 റണ്‍സ് നേടിയ ഷഫീഖ് ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ നടന്ന സെമിഫൈനലില്‍ മലപ്പുറത്തെ 55 റണ്‍സിന് പരാജയപ്പെടുത്തിയാണ് വയനാട് ഫൈനലില്‍ പ്രവേശിച്ചത്. ബാറ്റിങ്ങില്‍ മിഥുന്‍ കെ., ജ്യോതിസ് മാത്യു, സുധീഷ്, മനുകൃഷ്ണ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബൗളിങ്ങില്‍ വൈശാഖും ഷാഫിയും മൂന്ന് വിക്കറ്റ് വീതവും ശിവനും മനുവും രണ്ട് വിക്കറ്റ് വീതവും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
സംസ്ഥാനതല മത്സരത്തില്‍ കിരീടം നേടിയ വയനാട് ടീമിന് അഭിമാനകരമായ നേട്ടമായി ഈ വിജയം.
സംസ്ഥാന എക്‌സൈസ് മീറ്റ് ഗെയിംസ്; ക്രിക്കറ്റില്‍ വയനാടിന് കിരീടം; ഫൈനലില്‍ ആതിഥേയരായ കൊല്ലത്തെ ആറു വിക്കറ്റിന് തകര്‍ത്തു; എം.ബി. ഷഫീഖിന് മാന്‍ ഓഫ് ദ മാച്ച്
അഭിപ്രായങ്ങൾ (Comments)