കല്‍പ്പറ്റ: 'മലനിരകളിലെ ജീവിതത്തെയും ഉപജീവനമാര്‍ഗങ്ങളെയും പുനര്‍വിഭാവനം ചെയ്യുക' എന്ന പ്രമേയത്തില്‍ മൗണ്ടന്‍ ഇക്കോളജി കോണ്‍ഗ്രസ് 2026 ഡിസംബര്‍ 10 മുതല്‍ 12 വരെ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ നടക്കും. ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജിയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയും സംയുതമായി നടത്തുന്ന
കോണ്‍ഗ്രസിന്റെ ഭാഗമായി, 'ബയി' (BAYI) എന്ന പേരില്‍ വയനാടന്‍ മലനിരകളിലൂടെ ഗൈഡഡ് ട്രെയിലുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 11, 12 തീയതികളിലാണ് ഈ യാത്രകള്‍ നടക്കുക.മലനിരകളിലെ കാലാവസ്ഥ പ്രശ്നങ്ങള്‍ അനുഭവിച്ചറിയാനും ഇതിലൂടെ അവസരം ലഭിക്കും.ഉച്ചവരെ വരെയുള്ള നാല് ട്രെയിലുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
1. ചെമ്പ്ര ട്രെയില്‍
മേപ്പാടിക്ക് സമീപമുള്ള 2,100 മീറ്റര്‍ ഉയരത്തിലുള്ള മലനിരയാണ് ചെമ്പ്ര. തോട്ടം മേഖലയിലെ ചരിത്രം, 1961 ജൂലൈയിലെ ഉരുള്‍പൊട്ടല്‍, മലനിരകളിലെ പുല്‍മേടുകള്‍, മലഞ്ചെരുവുകളില്‍ അധിവസിക്കുന്ന തൊഴിലാളികളുടെ ജീവിതം എന്നിവയാണ് യാത്രയില്‍ മനസിലാക്കാന്‍ കഴിയുക.
2. മണിക്കുന്നുമല ട്രെയില്‍
തൃക്കൈപ്പറ്റയ്ക്ക് സമീപമുള്ള മണിക്കുന്നുമലയിലൂടെയാണ് ഈ യാത്ര. അവശിഷ്ട കുന്നുകള്‍ (Residual Hills) രൂപപ്പെടുന്ന പ്രക്രിയ, മലനിരകളിലെ ജൈവവൈവിധ്യം, നീര്‍ത്തടമെന്ന നിലയിലുള്ള പ്രാധാന്യം, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ അവസരമൊരുക്കും.
3. ബാണാസുര മലനിരകളിലൂടെയുള്ള ട്രെയില്‍
വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2,073 മീറ്റര്‍ ഉയരമുള്ള ബാണാസുര മലനിരകളിലൂടെയാണ് ഈ യാത്ര. 1979ല്‍ നിര്‍മിച്ച ബാണാസുര സാഗര്‍ അണക്കെട്ട്, പ്രദേശത്തെ ചിത്രശലഭങ്ങളുടെ വൈവിധ്യം, മലഞ്ചെരുവുകളിലെ മണ്ണൊലിപ്പ്, അവശിഷ്ടങ്ങളുടെ നീക്കം എന്നിവയാണ് പഠനവിഷയങ്ങള്‍.
4. ചൂരല്‍മല ട്രെയില്‍
വെള്ളരിമല മേഖലയിലെ ചൂരല്‍മലയിലൂടെ ഏകദേശം 1,620 മീറ്റര്‍ ഉയരത്തിലേക്കാണ് ഈ യാത്ര. 2024 ജൂലൈ 30ന് ഉണ്ടായ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും പ്രഭവകേന്ദ്രമായ പ്രദേശമാണിത്. ദുരന്തത്തിന്റെ കാരണങ്ങള്‍, അതിനുശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ഭാവിയില്‍ ഇത്തരം ദുരന്തസാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് യാത്രയില്‍ മനസ്സിലാക്കാം. ദുരന്തത്തില്‍ നിന്ന് ഇപ്പോഴും കരകയറിക്കൊണ്ടിരിക്കുന്ന പ്രദേശത്തെ ജനങ്ങളോട് ആദരവോടെയും മാന്യതയോടെയും പെരുമാറണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രാവിലെ 6 മണിക്കും 7 മണിക്കും ഇടയില്‍ ആരംഭിക്കുന്ന ട്രെയിലുകള്‍ ഉച്ചയ്ക്ക് 12.30ഓടെ അവസാനിക്കും. ഓരോ ട്രെയിലിലും ഒരു ദിവസം പരമാവധി 15 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഓരോ ട്രെയിലിനും പ്രത്യേകം രജിസ്ട്രേഷന് ആവശ്യമാണ്. രജിസ്ട്രേഷന്: www.processualmountains.com
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 96451 26025
ഇമെയില്‍: mountainecologycongress@gmail.com
അഭിപ്രായങ്ങൾ (Comments)