വയനാട്: ‘പ്രോസഷ്വൽ മൗണ്ടൻസ്: മൗണ്ടൻ ഇക്കോളജി കോൺഗ്രസിന്റെ’ ഭാഗമായി, അന്തരിച്ച പ്രശസ്ത കുറിച്യ കർഷകനും പരമ്പരാഗത വിത്ത് സംരക്ഷകനുമായ പത്മശ്രീ ചെറുവയൽ രാമന്റെ ജീവിതത്തെയും സംഭാവനകളെയും അനുസ്മരിച്ചുകൊണ്ട് ഡിസംബർ 10 മുതൽ 12 വരെ മൂന്ന് ദിവസത്തെ ‘നെഗൽ: ഫിലിം ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നു. മലനിരകളിലെ ആവാസവ്യവസ്ഥ, തദ്ദേശീയ അറിവുകൾ, കാർഷിക ജൈവവൈവിധ്യം, പാരിസ്ഥിതിക നീതി എന്നീ വിഷയങ്ങളിലേക്ക് ചലചിത്രങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുകയും ചെറുവയൽ രാമന്റെ അതുല്യമായ പാരമ്പര്യത്തെ ആദരിക്കുകയുമാണ് മേളയുടെ ലക്ഷ്യം. കുറിച്യ സമുദായത്തിൽ, ഭൂമി, വിത്തുകൾ, കന്നുകാലികൾ എന്നിവയിലൂടെ ഒരു കുലത്തിന്റെ പൊതുസ്വത്തിലേക്ക് നിർണ്ണായക സംഭാവനകൾ നൽകിയ പൂർവ്വികനെയാണ് 'നെഗൽ' എന്ന് വിളിക്കുന്നത്. സമൂഹത്തിന്റെ തുടർജീവിതത്തിൽ വഴികാട്ടിയും സംരക്ഷകനും നിത്യസാന്നിധ്യവുമായി ആദരിക്കപ്പെടുന്ന സ്ഥാനമാണിത്. പരമ്പരാഗത കാർഷിക അറിവുകളും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ചതിലൂടെ ചെറുവയൽ രാമൻ ഈ സങ്കൽപ്പത്തിന്റെ നേർസാക്ഷ്യമായി മാറി. പശ്ചിമഘട്ടത്തിലെ തനതായ അൻപതിലധികം പരമ്പരാഗത നെല്ലിനങ്ങൾ തന്റെ കൃഷിയിടത്തിൽ സംരക്ഷിച്ചുകൊണ്ട് തദ്ദേശീയ വിത്ത് വൈവിധ്യ സംരക്ഷണത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. കൃഷിയിടങ്ങളിൽ തന്നെയുള്ള വിത്ത് സംരക്ഷണത്തിന്റെ പ്രാധാന്യവും കാർഷിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ പരമ്പരാഗത കർഷക സമൂഹങ്ങൾക്കുള്ള പങ്കും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തി. വിത്ത് സംരക്ഷണത്തിനപ്പുറം, സമൂഹവുമായുള്ള ആഴത്തിലുള്ള ആത്മബന്ധത്താൽ അദ്ദേഹം ഏവരുടെയും ആദരവ് നേടി. തന്നെ സന്ദർശിക്കാനെത്തുന്നവർക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും അടയാളമായി വിത്തുകൾ പങ്കുവെച്ചുകൊണ്ട്, വിത്ത് സംരക്ഷണത്തെ അദ്ദേഹം ഒരു സാംസ്കാരിക സംരക്ഷണ പ്രവർത്തനമാക്കി മാറ്റി. ചെറുവയൽ രാമനെ കേവലം ഒരു വ്യക്തി എന്നതിലുപരി, ഈ പ്രദേശത്തിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ ഓർമ്മകളിലെ നിത്യസാന്നിധ്യമായി അടയാളപ്പെടുത്താനാണ് ‘നെഗൽ’ ചലച്ചിത്രമേളയിലൂടെ മൗണ്ടൻ ഇക്കോളജി കോൺഗ്രസ് സംഘാടകർ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള സിനിമകൾക്കൊപ്പം പർവ്വത ആവാസവ്യവസ്ഥകൾ, തദ്ദേശീയ പൈതൃകം, ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി നീതി എന്നിവ പ്രമേയമാക്കിയ തിരഞ്ഞെടുത്ത ഡോക്യുമെന്ററികളും ചലച്ചിത്രങ്ങളും മൂന്ന് ദിവസത്തെ മേളയിൽ പ്രദർശിപ്പിക്കും. മനുഷ്യരും ഭൂപ്രകൃതിയും പാരിസ്ഥിതിക അറിവുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചിന്തകൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കുന്നതിനൊപ്പം, പർവ്വത പരിസ്ഥിതിയുടെ സംരക്ഷണത്തിന് തദ്ദേശീയ സമൂഹങ്ങൾ നൽകുന്ന സംഭാവനകളെ അംഗീകരിക്കുക കൂടിയാണ് മേളയുടെ ലക്ഷ്യം. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതികവും സാംസ്കാരികവുമായ വൈവിധ്യം നിലനിർത്തുന്ന അറിവുകളും പ്രയോഗങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മേള അടിവരയിടുന്നു. പരിസ്ഥിതി സംരക്ഷണം, തദ്ദേശീയ സമൂഹങ്ങൾ, പരമ്പരാഗത അറിവുകൾ, വന്യജീവികൾ, പരിസ്ഥിതി പ്രസ്ഥാനങ്ങൾ എന്നിവയെ ആസ്പദമാക്കി ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള 15 ശ്രദ്ധേയമായ ചിത്രങ്ങളാണ് മേളയിൽ
പ്രദർശിപ്പിക്കുന്നത്. പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ: *
നിങ്ങൾ അരണയെ കണ്ടിട്ടുണ്ടോ? (Have You Seen the Arana? - 2012): സംവിധാനം: സുനന്ദ ഭട്ട് | ദൈർഘ്യം: 73 മിനിറ്റ് | ഭാഷ: മലയാളം * നെകൽ (Nekal - 2023): സംവിധാനം: എം.കെ. രാംദാസ് | ദൈർഘ്യം: 42 മിനിറ്റ് | ഭാഷ: മലയാളം * വിതപ്പാട് (Vithappadu - 2013): സംവിധാനം: അനീസ് കെ. മാപ്പിള | ദൈർഘ്യം: 20 മിനിറ്റ് | ഭാഷ: മലയാളം * മർമേഴ്സ് ഓഫ് ദി ജംഗിൾ (Murmurs of the Jungle - 2021): സംവിധാനം: സൊഹൈൽ വൈദ്യ | ദൈർഘ്യം: 20 മിനിറ്റ് | ഭാഷ: മറാത്തി * ദി ലാസ്റ്റ് ഹോപ്പ് (The Last Hop(e) - 2020): സംവിധാനം: ധീരജ് ഐത്താൾ, പ്രദീപ് ഹെഗ്ഡെ | ദൈർഘ്യം: 19 മിനിറ്റ് | ഭാഷ: കന്നഡ * ഇന്ത്യാസ് വൈൽഡ് ലെപ്പേർഡ്സ് (India's Wild Leopards - 2020): സംവിധാനം: സന്ദേശ് കഡൂർ | ദൈർഘ്യം: 44 മിനിറ്റ് | ഭാഷ: ഇംഗ്ലീഷ് * എലിഫന്റ്സ് ഇൻ മൈ ബാക്ക്യാർഡ് (Elephants in My Backyard - 2020): സംവിധാനം: വിക്രം സിംഗ് | ദൈർഘ്യം: 25 മിനിറ്റ് | ഭാഷ: കന്നഡ * വൈൽഡ് യു വേർ സ്ലീപ്പിംഗ്: ഹൂലോക്ക് ഗിബ്ബൺ (Wild You Were Sleeping: Hoolock Gibbon - 2021): സംവിധാനം: സിദ്ധാർത്ഥ ഗണേഷ് | ദൈർഘ്യം: 10 മിനിറ്റ് | ഭാഷ: ആസാമീസ് * സീയിംഗ് റെഡ് – സേവിംഗ് റെഡ് പാണ്ടാസ് (Seeing Red – Saving Red Pandas - 2025): സംവിധാനം: മുൻമുൻ ധലാരിയ | ദൈർഘ്യം: 30 മിനിറ്റ് | ഭാഷ: ഇംഗ്ലീഷ് * ബാരിക്കേഡ് (Barricade - 2021): സംവിധാനം: ഡേവിഡ് ക്ലാമർ | ദൈർഘ്യം: 83 മിനിറ്റ് | ഭാഷ: ജർമ്മൻ * ഡെൻമോ – ഹിമാലയൻ ബ്രൗൺ ബിയർ (Denmo – Himalayan Brown Bear - 2026): സംവിധാനം: ആകാൻക്ഷ സൂദ് സിംഗ് | ദൈർഘ്യം: 39 മിനിറ്റ് | ഭാഷ: ലഡാക്കി * ദിസ് ട്രീ വോണ്ട് ഫോൾ (This Tree Won't Fall - 2026): സംവിധാനം: ദീപക് റാമോള | ദൈർഘ്യം: 20 മിനിറ്റ് | ഭാഷ: ഗർവാലി * വെയർ ലയൺസ് വൺസ് വേർ (Where Lions Once Were - 2026): സംവിധാനം: എമിലി ബേക്കർ, ബോണിഫസ് എംബോഗോ | ദൈർഘ്യം: 14 മിനിറ്റ് | ഭാഷ: സ്വാഹിലി * സുരാര – സ്പിരിറ്റ് ഓഫ് റെസിസ്റ്റൻസ് (Surara – Spirit of Resistance - 2026): സംവിധാനം: ലിയ ഹെജ്ൻ | ദൈർഘ്യം: 17 മിനിറ്റ് | ഭാഷ: ബ്രസീലിയൻ പോർച്ചുഗീസ് * കോളനീസ് ഇൻ കോൺഫ്ലിക്റ്റ് (Colonies in Conflict - 2022): സംവിധാനം: രജനി മണി | ദൈർഘ്യം: 74 മിനിറ്റ് | ഭാഷ: ഇംഗ്ലീഷ് സംഘാടക സമിതി പ്രോസസ്വൽ മൗണ്ടൻസ്: മൗണ്ടൻ ഇക്കോളജി കോൺഗ്രസ് 2026 കൂടുതൽ വിവരങ്ങൾക്ക് : 9496612577
അഭിപ്രായങ്ങൾ (Comments)